
കൊച്ചി: കൊവിഡ് 19 ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീൽ മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തി. തന്നെ രക്ഷിച്ച സംസ്ഥാന സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും നന്ദി പറഞ്ഞ് ബ്രയാൻ ആശുപത്രി വിട്ടു.
കൊവഡിനെ തോൽപ്പിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്നും പുറത്തിറങ്ങിയ ബ്രയാൻ ഏറെ സന്തോഷത്തിലാണ്. ഇയാൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്ന് ഇടയ്ക്ക് ഡോക്ർമാർ പോലും സംശയം പ്രകടിപ്പിച്ചിരുന്നു. തിരിച്ചു വരവിൽ പരിചരിച്ച മെഡിക്കൽ സംഘവും ബ്രയാനൊപ്പം സന്തോഷത്തിലാണ്. കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മാർച്ച് 15 നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. മൂന്നാറിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വദേശത്തേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്.
ആശുപത്രിയിൽ എത്തിയ ശേഷം കൊവിഡ് ബാധ മൂലം ന്യുമോണിയ രൂക്ഷമായി അപകടാവസ്ഥയിൽ എത്തിയിരുന്നു. തുടർന്ന് എച്ച്ഐവി ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾ ഇദ്ദേഹത്തിന് നൽകി. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ആരോഗ്യനിലയിൽ പുരോഗതി വന്നു. 14 ദിവസം ഇത് തുടർന്നു. ന്യൂമോണിയയും പനിയും കുറഞ്ഞു. കൊവിഡ് പരിശോധനാഫലവും നെഗറ്റീവായതോടെയാണ് ഇദ്ദേഹം ആരോഗ്യവാനായി ആശുപത്രി വിട്ടത്. ആശുപത്രി വിട്ടെങ്കിലും എട്ടാം തീയതി വരെ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ തുടരും. ഇദ്ദേഹത്തിൻറെ ഭാര്യക്ക് കൊവിഡ് നെഗറ്റീവ് ആയതിനാൽ നേരത്തെ ഡിസ്ചാർജ്ജ് ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam