രോഗ കാലത്ത് വര്‍ഗീയ മുതലെടുപ്പ് നടപ്പില്ല; മുഖ്യമന്ത്രി

By Web TeamFirst Published Apr 1, 2020, 6:53 PM IST
Highlights

പ്രത്യേക ഉദ്ദേശത്തോടെ ചില പ്രചാരണം നടക്കുന്നുണ്ട്. തബ്ലീഗ് സമ്മേളനത്തെ കുറിച്ചും അതിൽ പങ്കെടുത്തവരെ കുറിച്ചും അവരുടെ മതത്തെ കുറിച്ചും അസഹിഷ്ണുതയോടെ പ്രചാരണം ചിലർ അടിച്ചുവിടുന്നുണ്ട്. 

തിരുവനന്തപുരം: കൊവിഡ് കാലത്ത് ആരും വര്‍ഗ്ഗിയ മുതലെടുപ്പിന് ഇറങ്ങരുതെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചില കേന്ദ്രങ്ങളിൽ നിന്ന് അത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതായി വാര്‍ത്തകൾ വരുന്നുണ്ട്. അതൊട്ടും ആശാസ്യമായ നടപടി അല്ലെന്നും പിണറായി വിജയൻ പറഞ്ഞു. 

കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്നതല്ല. എല്ലാവരും ജാഗ്രത പാലിക്കണം. ഒന്നിച്ച് നിന്ന് ജാഗ്രത പാലിക്കാനാണ് നമ്മുടെ സമൂഹം മൊത്തത്തിൽ ശ്രദ്ധിച്ചത് . അത് ആ നിലക്ക് തന്നെ തുടരണം. എല്ലാ വിഭാഗങ്ങളും വ്യത്യസ്തമായ ആൾക്കൂട്ടം ഒഴിവാക്കിയത് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 60 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഭയപ്പെടേണ്ട സ്ഥിതിയില്ല. ഇപ്പോഴത്തെ സാഹചര്യത്തിന് തൊട്ടുമുൻപുള്ള അവസ്ഥ മനസിലുണ്ടാവണം. ആരാധനാലയം, വിവാഹം, തുടങ്ങിയ ചടങ്ങുകളിൽ ധാരാളം പേർ പങ്കെടുത്തിരുന്നു. കൊവിഡ് ബാധിത സാഹചര്യത്തിലാണ്  ഇവയെല്ലാം ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചത്.

ഇതിനിടക്ക് പ്രത്യേക ഉദ്ദേശത്തോടെ ചില പ്രചാരണം നടക്കുന്നുണ്ട്. തബ്ലീഗ് സമ്മേളനത്തെ കുറിച്ചും അതിൽ പങ്കെടുത്തവരെ കുറിച്ചും അവരുടെ മതത്തെ കുറിച്ചും അസഹിഷ്ണുതയോടെ പ്രചാരണം ചിലർ അടിച്ചുവിടുന്നുണ്ട്. സോഷ്യൽ മീഡിയ വ്യാപകമായി ഇതിനായി ദുരുപയോഗിക്കുകയാണെന്നും പിണറായി വിജയൻ പറ‍ഞ്ഞു 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!