കാസര്‍കോട്: കാസര്‍കോട്ടെ കൊവിഡ് ബാധിതരുടെ വിവര ചോർച്ചയില്‍ കാസർകോട് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. വിഷയം ഗൗരവമുള്ളതാണെന്നും കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. 
ആരോഗ്യ വകുപ്പും വിവരച്ചോര്‍ച്ചയില്‍ അന്വേഷണം നത്തും. കൊവിഡ് രോഗം ഭേദമായവരെ വിളിച്ച് തുടര്‍ ചികില്‍സ വേണമെന്നും തങ്ങളുടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് ചില സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിളിക്കുന്നതടക്കമുള്ള വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു കൊണ്ടുവന്നത്. 

കൊവിഡ് രോ​ഗികളുടെ വിവരങ്ങൾ ചോരുന്നു? തുട‍ർ ചികിത്സ വാ​ഗ്ദാനം ചെയ്ത് സ്വകാര്യ ആശുപത്രികളുടെ കോളുകൾ

ഇതോടെപ്പം ചിലര്‍ക്ക് ബംഗുളുരുവിലെ കൊവിഡ‍് സെല്ലില്‍ നിന്നെന്ന് പരിചയപ്പെടുത്തിയും ഫോൺ കോളുകള്‍ വന്നു. രോഗത്തിന്‍റെ വിശദാംശങ്ങളാണ് ഇവര്‍ തേടാന്‍ ശ്രമിച്ചത്. തിരിച്ച് വിളിക്കാന്‍ കഴിയാത്ത നമ്പറുകളില്‍ നിന്നാണ്  പല കോളുകളുമെത്തിയത് ഇവരില്‍ ചിലര്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്നാണ് ഫോൺകോളുകളെത്തിയവര്‍ പറയുന്നു.