കണ്ണൂ‌‌ർ: കാസർകോടിനു പിന്നാലെ കണ്ണൂരും കൊവിഡ് രോഗികളുടെ വിവരം ചോർന്നു. രോഗികളുടെയും സമ്പർക്കം പുലർത്തിയവരുടെയും വിലാസവും ഫോൺനമ്പറും ഉൾപ്പെടുത്തി സൈബർ സെൽ തയ്യാറാക്കിയ ഗൂഗിൾ മാപ്പ് ലിങ്കാണ് ചോർന്നത്. ഈ വെബ് ലിങ്ക് വഴിയാണ് സ്വകാര്യ കന്പനി വിവരങ്ങൾ ചോർത്തിയതെന്നാണ് സംശയം. പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്നും സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കണ്ണൂരിലെ 28 ഹോട്ട് സ്പോട്ടുകളിൽ നിന്നുള്ള 54 രോഗികളുടെയും അവരുടെ സമ്പർക്കത്തിൽ കഴിഞ്ഞ 9000ലേറെ പേരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. വിലാസവും രോഗ വിവരങ്ങളും മൊബൈൽ നമ്പറും ഉൾപ്പെടെയാണിത്. ഈ വിവരങ്ങൾ ഗൂഗിൽ മാപ്പുമായി ബന്ധിപ്പിച്ച് സൈബർ സെൽ ഒരു വെബ് ലിങ്ക് തയ്യാറാക്കി. ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽലായിരുന്നു ഈ നിരീക്ഷണ സംവിധാനം ഒരുക്കിയത്. സിഐ മുതൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് വാട്സാപ്പിൽ ഈ ലിങ്ക് അയച്ചുകൊടുത്തു. വെബ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ 9000ലെറെ വരുന്ന ആളുകളുടെ വിവരം വിരൽ തുമ്പിൽ കിട്ടു. ഈ ലിങ്ക് കഴിഞ്ഞ ദിവസം ചോർന്നു.

ലിങ്ക് തയ്യാറാക്കി ഉപയോഗിച്ചപ്പോൾ സുരക്ഷ ഉറപ്പ് വരുത്താഞ്ഞത് പൊലീസിന്‍റെ വീഴ്ചയാണെന്ന് ജില്ലാകളകടർ വ്യകതമാക്കി. ഗുരുതര വീഴ്ചയെക്കുറിച്ച് കളക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകും. കണ്ണൂരിനു പുറമെ കാസർകോടും ഈ ഗൂഗിൽ മാപ്പ് സംവിധാനം പൊലീസ് ഒരുക്കിയിരുന്നു. ഈ ലിങ്കിൽ നിന്നാണോ കാസർകോട്ടെ സ്വകാര്യ ആശുപത്രികൾക്കും ബംഗലൂരുവിലെ സ്വകാര്യ കമ്പനികൾക്കും രോഗികളുടെ വിവരം കിട്ടിയത് എന്ന സംശയം ബലപ്പെടുകയാണ്. 

ഇതുസംബന്ധിച്ച് ഐജി വിജയ്സാക്കറെ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഈ വെബ് ലിങ്ക് കൂടാതെ പൊലീസ് തയ്യാറാക്കിയ കൊവിഡ് സേഫ്റ്റി ആപ്പിലൂടെയും വിവരങ്ങൾ ചോരുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

നിലവിൽ 54 പേരാണ് കണ്ണൂരിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇത് വരെ 110 പേർക്കാണ് ജില്ലയിൽ കൊവിഡ് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിൻ്റെ കണക്ക് വ്യക്തമാക്കുന്നത്. നിലവിൽ 2720 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 114 പേർ ആശുപത്രിയിലും, 2606 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.