കണ്ണൂർ വിമാനത്താവളത്തിൽ അതീവജാഗ്രത, നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ്

By Web TeamFirst Published Jun 24, 2020, 12:11 PM IST
Highlights

നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ വിമാനത്താവളത്തിൽ അതീവജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 44 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീനിലാക്കി. 

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കിടയിൽ കൊവിഡ് പടരുന്നു. നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥൻ വിമാനത്താവളത്തിലെത്തിയിരുന്നു. ഇതോടെ വിമാനത്താവളത്തിലെ സിഐഎസ്എഫ് കമാൻഡന്‍റ് ഓഫീസ് അടച്ചു. ഇപ്പോഴുണ്ടായ സംഭവം എയർപോർട്ട് പ്രവർത്തനത്തെ ബാധിക്കില്ലെന്നും യാത്രക്കാർക്ക് ആശങ്ക വേണ്ടെന്നും കിയാൽ എംഡി വി തുളസീദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇതുവരെ കണ്ണൂരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 44 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീനിലേക്ക് മാറ്റിയിട്ടുണ്ട്. 

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥരിൽ ഒരാളാണ് കമാൻഡന്‍റ് ഓഫീസിലെത്തിയിരുന്നത്. അവധി കഴിഞ്ഞ് ഇതര സംസ്ഥാനത്തുനിന്നും വിമാനമാർഗം തിരിച്ചെത്തിയ ഇയാൾ കൂത്തുപറമ്പിലെ ക്യാമ്പിൽ 14 ദിവസത്തെ ക്വാറന്‍റീനിം പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് വിമാനത്താവളത്തിലെ ഓഫീസിലെത്തിയത്. അതിന് പിന്നാലെ ഇയാൾക്ക് രോഗ ലക്ഷണങ്ങളുണ്ടാവുകയും തുടർ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. വിമാനത്താവളത്തിനകത്തെ കമാന്റന്റ് ഓഫീസ് അണുവിമുക്തമാക്കാനായി അടച്ചു. സമ്പർക്കം പുലർത്തിയവരെ ക്വാറന്‍റീൻ ചെയ്തു. ഇനി മുതൽ നിരീക്ഷണ കാലാവധി 14ൽ നിന്ന്  28 ദിവസമാക്കുമെന്ന് കിയാൽ എംഡി വി തുളസീദാസ് വ്യക്തമാക്കുന്നത്.

നിലവിൽ 50 സിഐഎസ്എഫ് ഉദ്യോഗസ്ഥർ അവധി കഴിഞ്ഞെത്തി കൂത്തുപറമ്പ് വെള്ളിവെളിച്ചത്തിലെ ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരെല്ലാം അവധികഴിഞ്ഞ്  ദില്ലി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

നിലവിൽ നൂറിലേറെപ്പേർ ചികിത്സയിലുള്ള ഒമ്പത് ജില്ലകളിലൊന്ന് കണ്ണൂരാണ്. നിലവിൽ 125 പേരാണ് കൊവിഡ് ബാധിച്ച് കണ്ണൂരിൽ ചികിത്സയിലുള്ളത്. 28-കാരനായ എക്സൈസ് ഡ്രൈവറാണ് കണ്ണൂരിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച ഒരേയൊരാൾ. സംസ്ഥാനത്ത് മരിച്ച 22 പേരിൽ ബാക്കിയെല്ലാവർക്കും കോ-മോർബിഡിറ്റി അസുഖങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹത്തിന് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇദ്ദേഹത്തിന് ചികിത്സ വൈകിയെന്ന് ആരോപിച്ച് സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

Read more at: 'കൊവിഡ് ബാധിച്ച് മരിച്ച സുനിലിന് നല്ല ചികിത്സ കിട്ടിയില്ല'; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

click me!