പരിഹസിക്കരുത്, പരിഭവമില്ല, മറുഭാഗത്തുനിന്ന് ആക്രമിക്കരുതെന്ന് അപേക്ഷിച്ച് ആരോഗ്യമന്ത്രി

By Web TeamFirst Published Mar 13, 2020, 12:24 PM IST
Highlights

ലോകത്ത് ഒരു രാജ്യത്തും മഹാമാരിയെ നേരിടുന്നതില്‍ ഭരണപ്രതിപക്ഷ തര്‍ക്കം ഉണ്ടായിട്ടില്ല. പ്രശ്നത്തിന്‍റെ ഗൗരവം പ്രതിപക്ഷം കാണണം. പരസ്പരം അസ്ത്രങ്ങള്‍ എയ്യേണ്ട സമയമല്ല ഇതെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഒരു വശത്തുനിന്ന് മിണ്ടരുതെന്നും മറുവശത്തുനിന്ന് എല്ലാം അറിയിക്കുന്നില്ലെന്നും കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ലോകത്ത് ഒരു രാജ്യത്തും മഹാമാരിയെ നേരിടുന്നതില്‍ ഭരണപ്രതിപക്ഷ തര്‍ക്കം ഉണ്ടായിട്ടില്ല. വീഴ്ച സംഭവിക്കുന്നുണ്ട്. അത് ഉണ്ടാകാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പ്രശ്നത്തിന്‍റെ ഗൗരവം പ്രതിപക്ഷം കാണണം. ആരോഗ്യമന്ത്രിയുടേത് മാത്രമല്ല, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത്കൊണ്ട് താന്‍  വക്താവായെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 

താന്‍ ഇറ്റലിക്കാരെ കുറ്റം പറഞ്ഞിട്ടില്ല. മറച്ചു വയ്ക്കാന്‍ ശ്രമിച്ചു എന്നാണ് പറഞ്ഞത്. ഒന്നാം ഘട്ടം വളരെയധികം വിജയിച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ കേറി പരിശോധിക്കാനൊന്നും പറ്റില്ല. വുഹാനില്‍ നിന്ന് വന്നവരില്‍ നിന്ന് ഒരാള്‍ക്ക് പോലും രോഗം വരാതെ നോക്കി. കൃത്യമായി ഗൈഡ്ലൈന്‍ വരുന്നുണ്ട്. ഇറ്റലിയില്‍ നിന്ന് വിമാനത്താവളത്തിലെത്തുന്നവര്‍ നിര്‍ബന്ധമായി ഫോറം പൂരിപ്പിച്ച് നല്‍കണമെന്ന് മാര്‍ച്ച് നാലിനാണ് ഓര്‍ഡര്‍ വരുന്നത്. ഇറ്റലിയില്‍ നിന്ന് ആരെങ്കിലും വരുന്നുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും വീട്ടിനുള്ളില്‍ നിരീക്ഷണത്തില്‍ ഇരിക്കണമെന്നും വിമാനത്തില്‍ അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ റാന്നിയിലെ കുടുംബം അത് പാലിച്ചില്ല. 

റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് മാത്രമല്ല, പനി വന്നിട്ടും പറഞ്ഞില്ല. സ്വകാര്യ ഡോക്ടറുടെ അടുത്ത് പോയിട്ട് ഇറ്റലിയില്‍ നിന്ന് വന്ന വിവരം മനപ്പൂര്‍വ്വം മറച്ചുവച്ചു.  അവര്‍ സൂത്രത്തില്‍ ചാടിപ്പോയെന്നല്ല, സൂത്രത്തില്‍ കണ്ടുപിടിച്ചു എന്നാണ് പറഞ്ഞത്. അനുനയത്തില്‍ ചോദിച്ചപ്പോഴാണ് അവര്‍ വിവരങ്ങള്‍ പറഞ്ഞത്. അതിനെപ്പോലും പ്രതിപക്ഷം എതിര്‍ക്കുന്നുവെന്നും ശൈലജ പറഞ്ഞു. 

എങ്ങനെ ഒരാളെയെങ്കിലും മരണപ്പെടാതെ രക്ഷിക്കും എന്നാണ് ശ്രമിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില് നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് വരാന്‍ പോകുന്നത്. എത്ര ശ്രമിച്ചാലും ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകാന്‍ സാധ്യതയുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഡോക്ടര്‍മാരെ നിയോഗിച്ചില്ലെന്നത് തെറ്റായ ആരോപണമാണ്. അറിയാത്ത വിവരങ്ങള്‍ അസംബ്ലി തലത്തില്‍ പറയരുത്. പരസ്പരം അസ്ത്രങ്ങള്‍ എയ്യേണ്ട സമയമല്ല ഇത്.  
ഫെബ്രുവരി 24 മുതല്‍ നാല് ഡോക്ര്‍മാരെ വിമാനത്താവളത്തില്‍ നിയോഗിച്ചിരുന്നു.  27 മുതല്‍ ഏഴ് ഇങ്ങനെ ലോകത്ത് കൊവിഡ് വ്യാപനം കൂടുന്നത് അനുസരിച്ച് മെഡിക്കല്‍ സംവിധാനങ്ങള്‍ കൂട്ടി...

ചെറിയ സ്പെല്ലിംഗ് മിസ്റ്റേക്കുപോലും ചൂണ്ടിക്കാട്ടി ആക്രമിക്കാനാണെങ്കില്‍ മഹാമാരിയെ ചെറുക്കാനാകില്ല. ഹോട്ടലിന്‍റെ പേര് തെറ്റി, എന്നാല്‍ സ്ഥലം കിലോമീറ്റര്‍ അടക്കം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. അതില്‍ ജനങ്ങള്‍ക്ക് പ്രശ്നമില്ല, പക്ഷേ പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. വളരെ സങ്കടമുണ്ട്. കേരളം മുഴുവന്‍ കാണുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.  എനിക്ക് പരിഭവം ഇല്ല. പക്ഷേ പരിഹസിക്കരുത്. മറുഭാഗത്തുനിന്ന് ആക്രമിക്കരുതെന്നും രോഗത്തെ നേരിടാൻ പ്രതിപക്ഷ സഹായവും വേണമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. 

click me!