കൊവിഡില്‍ സംസ്ഥാനത്ത് ഇനിയെന്ത്; നിയന്ത്രണവും ജാഗ്രതയും ഇന്ന് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും

By Web TeamFirst Published Apr 22, 2020, 7:10 AM IST
Highlights

കൊവിഡ് കേസുകൾ തുടർച്ചയായി കൂടുന്ന കണ്ണൂരിൽ ജാഗ്രതയും നിയന്ത്രണവും കര്‍ശനമാക്കിയിരിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു

തിരുവനന്തപുരം: കൊവിഡ് 19 കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് തുടരേണ്ട നിയന്ത്രണം, ജാഗ്രത എന്നിവയെ കുറിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. 24 മുതൽ ലോക്ക് ഡൗണ്‍ ഇളവുകൾ നൽകേണ്ട ഓറഞ്ച് എ മേഖലയിലെ ക്രമീകരണങ്ങൾ സംബന്ധിച്ചും മന്ത്രിസഭായോഗം ചർച്ച ചെയ്യും. നിലവിലെ സ്ഥിതിഗതികൾ പരിശോധിച്ച് ഹോട്ട് സ്പോട്ടുകൾ പുനഃക്രമീകരിക്കുന്നതിനെ കുറിച്ചും തീരുമാനമുണ്ടാകും. സാലറി ചലഞ്ചിൽ അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും. ജീവനക്കാരുടെ ശമ്പളം സംഭാവന ആയി സ്വീകരിക്കണോ അതോ ഡിഎ പിടിക്കണോ എന്നതിൽ രണ്ടു അഭിപ്രായം ഉണ്ട്. സ്പ്രിംഗ്ളര്‍ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇക്കാര്യം മന്ത്രിസഭ പരിഗണിക്കാനിടയില്ല.

കണ്ണൂരില്‍ അതീവ ജാഗ്രത

കൊവിഡ് കേസുകൾ തുടർച്ചയായി കൂടുന്ന കണ്ണൂരിൽ ജാഗ്രതയും നിയന്ത്രണവും കര്‍ശനമാക്കിയിരിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടി ക്വാറന്റെൻ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കാസർകോട് മാതൃകയിൽ ട്രിപ്പിൾ ലോക്ക് സംവിധാനത്തിൽ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും കർശന പരിശോധന ഏർപ്പെടുത്തി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഐജി അശോക് യാദവിന്റെ മേൽ നോട്ടത്തിൽ മൂന്ന് എസ്പി മാർക്കാണ് നിരീക്ഷണ ചുമതല. അത്യാവശ്യ മരുന്നുകൾക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാം. 

കണ്ണൂരിൽ ആണ് ഇപ്പോൾ കൂടുതൽ രോഗികൾ ഉള്ളത്.  104 പേര്‍ക്ക് വൈറസ് ബാധയുണ്ട്.  ഒരു വീട്ടിൽ പത്തു പേർക്ക് സമ്പർക്കം വഴി രോഗം വന്നു. സ്ഥിതി ഗൗരവമായി തന്നെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ വ്യാപനം പ്രവചനാതീതമാണ്. പലപ്പോഴും വിചിത്രമായ കാര്യങ്ങളും രോഗ വ്യാപനത്തിന്‍റെ കാര്യത്തിൽ നടക്കുന്നതായാണ് സംസ്ഥാനത്തിന്‍റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഇന്നലെ 19 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ 10 , കാസര്‍കോട് 3,  പാലക്കാട് 4,  മലപ്പുറം, കൊല്ലം ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധ. കണ്ണൂരി‍ൽ ഒമ്പത് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പര്‍ക്കം മൂലമാണ് രോഗ ബാധ. അതേസമയം സംസ്ഥാനത്ത് 16 പേര്‍ കൂടി രോഗ മുക്തി നേടിയിട്ടുണ്ട്. 

കൂടുതല്‍ ഇളവുകളുമായി കേന്ദ്രം

ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വ്യാവസായിക കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി നൽകി. പാലും പാൽ ഉത്പന്നങ്ങളും ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾക്കും തുറന്ന് പ്രവർത്തിക്കാം. പ്രീപെയ്ഡ് മൊബൈൽ റീചാർജ്ജ് കടകൾക്കും അക്കാദമിക് പുസ്തകങ്ങൾ വിൽക്കുന്ന കടകൾക്കും ഇലക്ട്രിക് ഫാൻ വിൽപ്പന കടകൾക്കും ഇളവുണ്ട്. കൃഷി, ഹോർട്ടിക്കൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും ഇളവുകൾ നൽകിയിട്ടുണ്ട്. 

Read more: കൊവിഡ് കെണിയില്‍ കരകയറാതെ ലോകം; രോഗ ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു

click me!