ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി (22) ചികിത്സയിലിരിക്കെ മരിച്ചു. ശ്വാസകോശത്തിന്‍റെ പ്രവർത്തനം നിലച്ചതിനെ തുടർന്നായിരുന്നു അന്ത്യം. എറണാകുളം ജനറൽ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 

കൊച്ചി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുകയായിരുന്ന നേപ്പാൾ സ്വദേശി ദുർഗ കാമി മരിച്ചു. ശ്വാസകോശത്തിന്‍റെ പ്രവർത്തനം നിലച്ചുവെന്നും പിന്നാലെ ഹൃദസസ്തംഭനവും ഉണ്ടായി എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡാനൺ എന്ന അപൂർവ ജനിതക രോഗമായിരുന്നു ദുർഗ എന്ന 22കാരിക്ക് ഉണ്ടായിരുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു ദു‍ർ​ഗ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്. ഡിസംബർ 22 ന് ആയിരുന്നു ശസ്ത്രക്രിയ.

YouTube video player

രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 ) ഹൃദയമായിരുന്നു ദു‍‌ർ​ഗക്കായി മാറ്റിവച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായി മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.

അനാഥയായ നേപ്പാള്‍ സ്വദേശിനിയായ ദുർഗ കാമിക്ക് കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു കേരളം കരുതലൊരുക്കിയത്. ഇപ്പോള്‍ ഒരു അനുജന്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. പാരമ്പര്യമായ ഹൃദ്രോഗം കാരണം അമ്മയും മൂത്ത സഹോദരിയും നേരത്തെ മരണമടഞ്ഞിരുന്നു. ഈ പെണ്‍കുട്ടിയ്ക്കും ഇതേ അസുഖമായിരുന്നു. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അനാഥാലയത്തിലായിരുന്നു ദുർഗാ കാമിയും സഹോദരൻ തിലകും കഴിഞ്ഞിരുന്നത്. വന്‍ ചികിത്സാ ചെലവ് കാരണമാണ് അവര്‍ കേരളത്തിലെത്തിയത്. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്.