28 ദിവസം കഴിഞ്ഞും കൊവിഡ് രോഗം; കാരണം ന്യൂക്ലിക്ക് ആസിഡ് ഷെഡിങ് പ്രതിഭാസമെന്ന് വിദഗദ്ധർ

By Web TeamFirst Published Apr 22, 2020, 6:53 AM IST
Highlights

 വിദേശത്തു നിന്നെത്തിയവരെ മുഴുവൻ പരിശോധിച്ചു തുടങ്ങിയതോടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവരിലും രോഗം കണ്ടെത്തി. ഇതാണ് ആശങ്ക ഉയര്‍ത്തിയത്. 

തിരുവനന്തപുരം: നിരീക്ഷണ കാലാവധിയായ 28 ദിവസം കഴിഞ്ഞും വിദേശത്തു നിന്ന് വന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് വൈറസിന്‍റെ ന്യൂക്ലിക് ആസിഡ് ഷെഡിങ് പ്രതിഭാസമെന്ന് വിദഗ്ധര്‍. ഈ കാലയളവില്‍ രോഗം പകരാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ പിസിആര്‍ പരിശോധന അല്ലാതെ സ്രവത്തിന്‍റെ കള്‍ച്ചര്‍ പരിശോധന നടത്തി ഇത് കൂടുതല്‍ പഠന വിധേയമാക്കണമെന്ന് ആവശ്യപ്പെടുകയാണ് വിദഗ്ധര്‍.

കേരളത്തില്‍ അവസാന വിമാനമെത്തിയത് മാര്‍ച്ച് 22-നാണ്. ഹൈ റിസ്ക് വിഭാഗത്തില്‍പെട്ടവര്‍ അന്നുമുതല്‍ 28 ദിവസം നിരീക്ഷണത്തിലായിരുന്നു. പലര്‍ക്കും രോഗ ലക്ഷണങ്ങളും ഇല്ലായിരുന്നു. എന്നാൽ വിദേശത്തു നിന്നെത്തിയവരെ മുഴുവൻ പരിശോധിച്ചു തുടങ്ങിയതോടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവരിലും രോഗം കണ്ടെത്തി. ഇതാണ് ആശങ്ക ഉയര്‍ത്തിയത്. 

എന്നാല്‍ വൈറസിലെ ന്യൂക്ലിക് ആസിഡ് പുറന്തളളപ്പെടുന്ന അവസ്ഥയാണിതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 39 ദിവസം വരെ ഇത് തുടരാം. ഈ കാലയളവില്‍ പിസി ആര്‍ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തും. എന്നാല്‍ ആശങ്ക വേണ്ടാണ് ഡോക്ടർമാരുടെ അഭിപ്രായം. 

ഇക്കാലയളവില്‍ വൈറസ് ജീവനുള്ളതാണോ അല്ലയോ എന്നറിയാല്‍ കള്‍ച്ചര്‍ പരിശോധനയാണ് നടത്തേണ്ടത്. അത് പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണുള്ളത്. ഈ പരിശോധനയിലും പോസിറ്റീവായാല്‍ മാത്രമേ രോഗ വ്യാപന സാധ്യത ഉണ്ടാകൂ. അതേസമയം വൈറസ് ഷെഡിങ്ങിനെക്കുറിച്ചുള്ള പഠനങ്ങളൊന്നും ഇന്ത്യയില്‍ നടന്നിട്ടില്ലാത്തതിനാല്‍ ഇവിടുത്തെ രോഗികളുടെ സാംപിള്‍ പഠനവിധേയമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്

click me!