തിരുവനന്തപുരം: സമൂഹ അടുക്കളകളിൽ കൊടിയുടെ നിറം നോക്കാതെ ഒരുമിച്ച് നിൽക്കാമെന്ന് പ്രതിപക്ഷത്തോട് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്ദീൻ. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ എല്ലാ പാർട്ടികളുടെയും പ്രതിനിധികളുണ്ട്. അതിൽ എൽഡിഎഫ്, യുഡിഎഫ് ഭേദമൊന്നുമില്ല. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളാണ് പ്രധാനമായും താഴേത്തട്ടിൽ സഹായമെത്തിക്കുന്നത്. അവർക്ക് ഇതിന് ഫണ്ട് ഒരു കാരണവശാലും തടസ്സപ്പെടില്ല. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മാർച്ച് 31 വരെ നൽകിയ എല്ലാ ബില്ലുകൾക്കും നാളെ മുതൽ ട്രഷറികളിലൂടെ പണം നൽകും. ബില്ലുകൾ സമർപ്പിക്കാനുള്ള സമയം ഏപ്രിൽ 18 വരെ നീട്ടിയിട്ടുമുണ്ട്. ഏപ്രിൽ മാസത്തേക്കുള്ള ഇവരുടെ ഫണ്ട് വിഹിതത്തിന്‍റെ ആദ്യഗഡു അനുവദിച്ച് ഏപ്രിൽ 2-ന് തന്നെ ഉത്തരവിട്ടതാണ്. ഇനി അവശ്യഘട്ടം വരികയാണെങ്കിൽ ഡിസാസ്റ്റർ മാനേജ്മെന്‍റ് ഫണ്ട് തന്നെ അനുവദിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്‍റെ കര കയറാൻ എന്ന പ്രത്യേക തത്സമയ പരിപാടിയിൽ പറഞ്ഞു.
മഹിളാകോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. കൊവിഡ് പ്രതിസന്ധി കാലത്ത് ലോക്ക് ഡൗൺ തുടങ്ങിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് കമ്മ്യൂണിറ്റി കിച്ചൻ മാതൃകയിൽ 'മാതൃകാ അടുക്കള'കൾ തുടങ്ങിയിരുന്നു. ആദ്യ രണ്ട് മൂന്ന് ദിവസങ്ങൾക്കകം അത് ജില്ലാ ഭരണകൂടവും പൊലീസുമെത്തി പൂട്ടാൻ പറഞ്ഞു. ഇത് ശരിയാണോ? മാനദണ്ഡം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കി ഇത് നടപ്പാക്കാൻ അനുവദിച്ചാൽ മതിയായിരുന്നില്ലേ? എന്ന് ബിന്ദു കൃഷ്ണ ചോദിക്കുന്നു.
ഭക്ഷണക്കാര്യത്തിൽ പ്രധാനം സുരക്ഷയടക്കമുള്ള കാര്യങ്ങളിൽ കരുതലുണ്ടാകുക എന്നതാണെന്ന് മന്ത്രി മറുപടിയായി പറഞ്ഞു. സന്നദ്ധപ്രവർത്തകരെ വില കുറച്ച് കാണുന്നില്ല. എല്ലാ സന്നദ്ധപ്രവർത്തകർക്കും റജിസ്റ്റർ ചെയ്ത് സമൂഹ അടുക്കളകളിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന് അനുമതി നൽകിയതിൽ രാഷ്ട്രീയമില്ല. അങ്ങനെ എന്തെങ്കിലും ആരോപണമുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കാം. എല്ലാവരും സമൂഹ അടുക്കളകളിൽ ഒന്നിച്ച് നിൽക്കണം. അങ്ങനെയായാൽ ഭക്ഷണം എല്ലാവർക്കും കൃത്യമായി എത്തിക്കാം. ഇരട്ടിപ്പുണ്ടാകില്ല. വാർഡിലെ എണ്ണം വച്ച് ഭക്ഷണം വാങ്ങി പോകുന്നത് പോലത്തെ പ്രവണതകളൊന്നും പാടില്ല. അഗതികളായ ആളുകൾക്ക് ഒരിക്കലും റോഡിൽ വച്ച് ഭക്ഷണം കൊടുക്കരുതെന്ന് സംസ്ഥാനസർക്കാരിന് നിർബന്ധമുണ്ട്. അതിനാലാണ്, ക്യാമ്പുകൾ രൂപീകരിച്ച് അവരെ അവിടേക്ക് മാറ്റിപ്പാർപ്പിച്ച് ഭക്ഷണം നൽകിയത് - മന്ത്രി പറയുന്നു.
തത്സമയസംപ്രേഷണം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam