Latest Videos

'ചെറിയ പെരുന്നാൾ വീട്ടിലാകട്ടെ', പ്രാർഥന വീടുകളിലാക്കിയ വിശ്വാസികൾക്ക് നന്ദി: മുഖ്യമന്ത്രി

By Web TeamFirst Published May 12, 2021, 6:12 PM IST
Highlights

ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലും പെരുന്നാളിനും പ്രധാനമാണ്. കൂട്ടം ചേരൽ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷം കുടുംബത്തിലാക്കണം. പെരുന്നാൾ നമസ്കാരം വീടുകളിൽ നടത്തി വ്രതകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും നടത്തണം. 

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ വീട്ടിലാകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച പ്രാർത്ഥന വീടുകളിൽ നടത്താൻ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

മുഖ്യമന്ത്രിയുടെ വാക്കുകൾ:

''നാളെ ചെറിയ പെരുന്നാളാണ്. മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ ആഹ്ലാദത്തിലാണ്. എല്ലാവർക്കും പെരുന്നാൾ ആശംസകൾ. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധർമ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാൾ.

ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലും പെരുന്നാളിനും പ്രധാനമാണ്. കൂട്ടം ചേരൽ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷം കുടുംബത്തിലാക്കണം. പെരുന്നാൾ നമസ്കാരം വീടുകളിൽ നടത്തി വ്രതകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും നടത്തണം. റമദാൻ കാലത്ത് നിയന്ത്രണം പൂർണമായി പാലിച്ചു. അതിൽ സഹകരിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു.

കഴിഞ്ഞ വർഷവും കൊവിഡ് കാലത്തായിരുന്നു റമദാൻ. ഈ ദിനത്തിലും വീടുകളിൽ പ്രാർത്ഥന നടത്തി കൊവിഡ് പ്രതിരോധത്തോട് സഹകരിച്ചു. ഇത്തവണ കൊവിഡ് കൂടുതൽ രൂക്ഷമാണ്. ഈദ് ദിന പ്രാർത്ഥന വീട്ടിൽ നടത്തുന്നതടക്കമുള്ള സ്വയം നിയന്ത്രണം പാലിക്കണം. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച പ്രാർത്ഥന വീടുകളിൽ നടത്താൻ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആർജിച്ച സ്വയം നവീകരണം മുന്നോട്ടുള്ള ജീവിതത്തിൽ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടട്ടെ'', മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!