
തിരുവനന്തപുരം: കേരളത്തിൽ രണ്ടാമത്തെ കൊവിഡ് മരണം. തിരുവനന്തപുരം മെഡിക്കൽകോളേജിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 69-കാരൻ മരിച്ചു. മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് മരിച്ചത്. റിട്ടയേഡ് എഎസ്ഐ ആയിരുന്നു അദ്ദേഹം. നേരത്തേ ദുബായിൽ നിന്ന് തിരികെയെത്തിയ മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം സുലൈമാൻ സേട്ടും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇയാളുടെ ജീവൻ നിലനിർത്തിയിരുന്നത്. 69- വയസുള്ള ഈ രോഗിക്ക് എങ്ങനെയാണ് രോഗബാധയുണ്ടായത് എന്ന കാര്യത്തിൽ ഇനിയും ഒരു നിഗമനത്തിലെത്താൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടർമാരും ഇപ്പോൾ നിരീക്ഷണത്തിലാണ്.
ഇദ്ദേഹം തോന്നയ്ക്കൽ പിഎച്ച്സിയിൽ ആദ്യം രോഗലക്ഷണങ്ങളുമായി എത്തി. എന്നാൽ പ്രാഥമിക ചികിത്സ നൽകി ആശുപത്രി അധികൃതർ തിരികെ വിട്ടു. പിന്നീട് മാർച്ച് 21-ന് വീണ്ടും കടുത്ത രോഗലക്ഷണങ്ങളുമായി ഇദ്ദേഹം അതേ പിഎച്ച്സിയിലെത്തി. പിന്നീട് തൊട്ടടുത്ത സർക്കാർ ആശുപത്രിയിലേക്ക് കൂടി പോയ ഇദ്ദേഹത്തെ പിന്നീട് അവിടത്തെ ഡോക്ടറാണ് ദിശ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
മാർച്ച് 2-ന് നടന്ന ഒരു വിവാഹ ചടങ്ങിൽ ഇദ്ദേഹം പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാർച്ച് 20 വരെ ഇദ്ദേഹം പള്ളിയിൽ പോയിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ മാർച്ച് 23-ന് വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയിൽ ഇദ്ദേഹം ചികിത്സ തേടിയിട്ടുണ്ട്.
നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാർച്ച് ആദ്യവാരം മുതലുള്ള ഇദ്ദേഹത്തിന്‍റെ സഞ്ചാര പാത ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്. മാർച്ച് രണ്ടിന് പോത്തൻകോട് വിവാഹചടങ്ങിൽ പങ്കെടുത്തു, അതേ ദിവസവും മാർച്ച് 11നും, 18നും, 21നും മരണാന്തര ചടങ്ങുകളിൽ പങ്കെടുത്തു. ഒരു കാസർകോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്.
മാർച്ച് 20- വരെ വീടിന് സമീപമുള്ള പള്ളിയിലും 69-കാരൻ പോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോയിട്ടുണ്ട്. ഇയാൾ എത്തിയതായി ഇതിനകം സ്ഥിരീകരിച്ച ബാങ്കുകളിൽ അടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തിൽ പോകാൻ നിദ്ദേശിച്ചിട്ടുണ്ട്.
തത്സമയസംപ്രേഷണം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam