കഴിഞ്ഞ ഒരാഴ്ച കണ്ണൂരിൽ മരിച്ചവർക്ക് ചികിത്സ വൈകിയോ? ഒഴിവാക്കാമായിരുന്നോ ആ മരണങ്ങൾ?

By Web TeamFirst Published Jun 13, 2020, 9:34 AM IST
Highlights

കാൻസറും ഹൃദ്രോഗവും ജീവിത ശൈലി രോഗങ്ങളുമുള്ളവരെ ഹൈറിസ്ക് ഗ്രൂപ്പിൽ പെട്ടവരെ കൊവിഡ് എളുപ്പം കീഴടക്കുമെന്ന് തുടക്കം മുതൽ ആരോഗ്യവിദഗ്ധർ പറയുന്നതാണ്. എന്നിട്ടും എന്ത് കൊണ്ട് തുടക്കം മുതൽ ഇവർക്ക് പ്രത്യേക നിരീക്ഷണമോ ചികിൽസയോ നൽകിയില്ല?

കോഴിക്കോട്: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കണ്ണൂരിൽ നടന്ന രണ്ടു കൊവിഡ് മരണങ്ങൾ ഒഴിവാക്കാമായിരുന്നോ? കൊവിഡിന് എളുപ്പം വഴങ്ങുന്നവരുടേത് എന്ന കൂട്ടത്തിൽ പെടുത്തിയ ആരോഗ്യപ്രശ്നങ്ങൾ രണ്ട് പേർക്കുമുണ്ടായിരുന്നുവെങ്കിലും വൈകി മാത്രമാണ് അവർക്ക് ചികിത്സ ലഭിച്ചത്.

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് നോർത്ത് റീജ്യണൽ ഹെഡ് ഷാജഹാൻ കാളിയത്ത്. 

ജൂൺ പത്തിന് മരിച്ച കണ്ണൂർ ഇരിട്ടി സ്വദേശി പികെ മുഹമ്മദ്, ജൂൺ 12ന് മരിച്ച കണ്ണൂർ ഇരിക്കൂർ സ്വദേശി ഉസ്സൻ കുട്ടി. ഇവർ രണ്ട് പേരും കൊവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയെത്തിയവരാണ്. രണ്ട് പേരും വയസ്സ് 70 പിന്നിട്ടവർ.
 
പി കെ മുഹമ്മദ് ഗൾഫിൽ നിന്നെത്തിയത് മെയ് 22-ന്. കരളിന് അർബുദവും ഹൃദയസംബന്ധമായ അസുഖവുണ്ടായിരുന്ന പി കെ മുഹമ്മദിന് വീട്ടിലായിരുന്നു ക്വാറന്‍റീൻ. ആശുപത്രിയിലെത്തിയത് മരിക്കുന്നതിന് 2 മണിക്കൂർ മുമ്പ് മാത്രം. ഇദ്ദേഹത്തിന് കൊവിഡ് പരിശോധന വല്ലാതെ വൈകിയെന്നതും വ്യക്തം. 

ജൂൺ 12-ന് മരിച്ച ഉസ്സൻ കുട്ടി (72) മുംബൈയിൽ നിന്നെത്തിയതാണ്. ഹൃദ്രോഗം, പ്രമേഹം തുങ്ങിയ എല്ലാ അസുഖങ്ങളുമുള്ള ഇദ്ദേഹവും വീട്ടിൽ ക്വാറന്‍റീനിലായിരുന്നു. രോഗം മൂർച്ഛിച്ചപ്പോഴാണ് ആശുപത്രിയിലെത്തിയത്.

ജൂൺ 9-നാണ് ഉസ്സൻകുട്ടി ട്രെയിനിൽ മഹാരാഷ്ട്രയിലെ റെഡ് സോണിലെത്തിയത്. ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ട ഉസ്സൻകുട്ടിയ്ക്ക്, രക്താതിസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുണ്ടായിരുന്നു. ഇദ്ദേഹത്തിനും കൊവിഡ് പരിശോധന വൈകി. 

കാൻസറും ഹൃദ്രോഗവും ജീവിത ശൈലി രോഗങ്ങളുമുള്ള ഹൈറിസ്ക് ഗ്രൂപ്പിൽ പെട്ടവരെ കൊവിഡ് എളുപ്പം കീഴടക്കുമെന്ന് തുടക്കം മുതൽ ആരോഗ്യവിദഗ്ധർ പറയുന്നതാണ്. എന്നിട്ടും എന്ത് കൊണ്ട് തുടക്കം മുതൽ ഇവർക്ക് പ്രത്യേക നിരീക്ഷണമോ ചികിൽസയോ നൽകിയില്ല എന്ന ചോദ്യമാണുയരുന്നത്. ഇക്കാര്യം ഞങ്ങൾ കണ്ണൂർ ഡിഎംഒയോട് ചോദിച്ചു.

''ഇവർക്ക് കൊവിഡ് പോസിറ്റീവ് എന്നേയുള്ളൂ. മരണകാരണം അവരുടെ മറ്റ് അസുഖങ്ങളാണ്'', എന്നതായിരുന്നു കണ്ണൂർ ഡിഎംഒ നാരായണ നായ്കിന്‍റെ മറുപടി. കൊവിഡിന് പെട്ടെന്ന് കീഴടങ്ങിയേക്കാമെന്ന ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ട വൃദ്ധരെ വീട്ടിലേക്ക് വിടാമെന്ന സർക്കാർ മാർഗരേഖയിൽ ചില മാറ്റങ്ങൾ വരേണ്ടതുണ്ടെന്ന് ഡിഎംഒയും അഭിപ്രായപ്പെടുന്നു. 

അപ്പോൾ പ്രശ്നം മാർഗരേഖയാണോ? സർക്കാരുകളുടെ ഗൈഡ്‍‍ലൈനുകൾ മാറ്റേണ്ടതുണ്ടോ? റെഡ് സോണുകളിൽ നിന്ന് വരുന്ന ഹൈറിസ്ക് ഗ്രൂപ്പുകാർക്കെങ്കിലും തുടക്കത്തിലേ ചികിത്സ നൽകേണ്ടതല്ലേ?

ഐഎംഎയുടെ ഡോ.സുൾഫി നൂഹു ഇതേക്കുറിച്ച് പറയുന്നതിങ്ങനെ: ''ഹൈറിസ്ക് സാധ്യതയുള്ള ആളുകളെ തീർച്ചയായും രോഗലക്ഷണമില്ലെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കണം എന്ന് ഐഎംഎ നേരത്തേ ആവശ്യപ്പെട്ടതാണ്'', എന്ന് ഡോ. സുൾഫി നൂഹു. 

എന്നാൽ ക്രിട്ടിക്കൽ കെയർ വിദഗ്ധനും കേരളത്തിൽ നിപ ബാധ കണ്ടെത്തിയ മെഡിക്കൽ വിദഗ്ധരിൽ ഒരാളുമായി ഡോക്ടർ അനൂപിന് വ്യത്യസ്തമായ അഭിപ്രായമാണ്. 

''ലക്ഷക്കണക്കിന് പേരെ നിരീക്ഷണത്തിലാക്കുമ്പോൾ ഇതിൽ ഒന്നോ രണ്ടോ ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ട ആളുകൾ മരിച്ചുപോയി എന്നതുകൊണ്ട്, എല്ലാ ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവരെയും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീനിലാക്കണം എന്ന വാദത്തിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല'', എന്ന് ഡോ. അനൂപ്. 

കേരളത്തെപ്പോലെ ജനകീയാരോഗ്യസംവിധാനമുള്ള സംസ്ഥാനം തീർച്ചയായും ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ട വൃദ്ധർക്കും മറ്റ് അസുഖങ്ങളുള്ളവർക്കും വേണ്ടി മാർഗരേഖ മാറ്റുന്നതുൾപ്പടെയുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന അഭിപ്രായത്തിന് തന്നെയാണ് മുൻതൂക്കമുള്ളത്. 

click me!