മലപ്പുറത്ത് റേഷൻ കാർഡ് നമ്പർ അനുസരിച്ച് ഒറ്റ, ഇരട്ട അക്ക നമ്പർ നിയന്ത്രണം, അറിയേണ്ടതെല്ലാം

Published : May 16, 2021, 09:10 PM ISTUpdated : May 16, 2021, 10:41 PM IST
മലപ്പുറത്ത് റേഷൻ കാർഡ് നമ്പർ അനുസരിച്ച് ഒറ്റ, ഇരട്ട അക്ക നമ്പർ നിയന്ത്രണം, അറിയേണ്ടതെല്ലാം

Synopsis

അവശ്യവസ്തുക്കൾ വാങ്ങുന്നതിന് കർശനനിയന്ത്രണമാണ് മലപ്പുറത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്ന് വ്യത്യസ്തമായി റേഷൻ കാർഡ് നമ്പറിലെ അവസാന അക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒറ്റ ഇരട്ട അക്ക നമ്പർ നിയന്ത്രണം ഏർപ്പെടുത്തുന്നത്. 

മലപ്പുറം: അർദ്ധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗണിലാകുന്ന മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. അവശ്യവസ്തുക്കൾ വാങ്ങുന്നതിനടക്കം പുറത്തിറങ്ങുന്നവരെല്ലാം റേഷൻ കാർഡ് കയ്യിൽ കരുതണമെന്നാണ് മലപ്പുറം ജില്ലാ കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. അവശ്യവസ്തുക്കൾ വാങ്ങുന്നതിന് കർശനനിയന്ത്രണമാണ് മലപ്പുറത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്ന് വ്യത്യസ്തമായി റേഷൻ കാർഡ് നമ്പറിലെ അവസാന അക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒറ്റ ഇരട്ട അക്ക നമ്പർ നിയന്ത്രണം ഏർപ്പെടുത്തുന്നത്. 

റേഷൻ കാർഡ് നമ്പറിന്‍റെ അവസാന അക്കം അനുസരിച്ച് മാത്രമാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കാലത്ത് പുറത്തിറങ്ങാൻ അനുമതിയുണ്ടാവുക. തിങ്കൾ, ബുധൻ, വെള്ളി - റേഷൻ കാർഡിന്‍റെ അവസാനം ഒറ്റ അക്കത്തിൽ വരുന്ന കാർഡുടമകൾക്ക് പുറത്തിറങ്ങാം. ചൊവ്വ, വ്യാഴം, ശനി - റേഷൻ കാർഡിന്‍റെ അവസാനം ഇരട്ട അക്കത്തിൽ വരുന്ന കാർഡുടമകൾക്ക് പുറത്തിറങ്ങാമെന്നും ഉത്തരവിൽ പറയുന്നു. 

റേഷൻ കാർഡ് കാണിച്ച ശേഷം മാത്രമേ സാധനങ്ങൾ വാങ്ങാൻ പോകാവൂ. ഒരു ദിവസം ഒരു തവണ ഒരാൾക്ക് മാത്രമേ റേഷൻകാർഡ് ഉപയോഗിച്ച് പുറത്തിറങ്ങാനാകൂ. 10 വയസ്സിന് താഴെയുള്ളവരും 60 വയസ്സിന് മുകളിലുള്ളവരും മെഡിക്കൽ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു. 

യാത്രകൾ മെഡിക്കൽ എമർജൻസി, മരണം, വിവാഹം എന്നിവയ്ക്ക് മാത്രമേ പാടുള്ളൂ. കടകൾ ഞായറാഴ്ചയൊഴികെ മറ്റെല്ലാ ദിവസവും തുറക്കാം. ദേശീയപാതയിലൂടെ പോകുന്ന ദീർഘദൂരസർവീസുകൾ മലപ്പുറത്ത് നിർത്തരുത്. ചരക്ക് വാഹനങ്ങൾക്ക് സർവീസ് നടത്താം. 

ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പ്രവർത്തിക്കാം. റേഷൻ കട, ഭക്ഷ്യ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രണ്ട് മണിവരെ മാത്രമേ ഉണ്ടാകൂ. ഹോട്ടലുകൾക്കും റസ്റ്റോറന്‍റുകൾക്കും രാവിലെ 7 മുതൽ വൈകീട്ട് 7 വരെ പ്രവർത്തിക്കാം. ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. പാഴ്സൽ അനുവദിക്കരുത്. 

മാസ്ക് ധരിക്കാത്തവർക്ക് സാധനം കൊടുക്കരുത്. വഴിയോരക്കച്ചവടം അനുവദിക്കില്ല. ഹാർബറുകൾ പ്രവർത്തിക്കരുത്. മത്സ്യബന്ധനത്തിന് കടുത്ത വിലക്കേർപ്പെടുത്തി. എന്നാൽ പൊതുനിർമാണപ്രവർത്തനങ്ങൾ തുടരാമെന്നും ഉത്തരവിൽ പറയുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍