കൊവിഡ് കാലത്തെ പ്രളയ മുൻകരുതൽ; കെട്ടിടം കണ്ടെത്താൻ ബുദ്ധിമുട്ടി പഞ്ചായത്തുകൾ

By Web TeamFirst Published Jun 14, 2020, 8:26 AM IST
Highlights

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാല് തരത്തിലുള്ള കെട്ടിടങ്ങൾ കണ്ടെത്തണമെന്നാണ് ദുരന്ത നിവാരണ വിഭാഗത്തിന്റെ നിർദേശം

പത്തനംതിട്ട: കൊവിഡിന് പിന്നാലെ പ്രളയ മുൻകരുതൽ കൂടി വന്നതോടെ ദുരിതാശ്വാസ ക്യാമ്പുകൾ ക്രമീകരിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാല് തരത്തിലുള്ള കെട്ടിടങ്ങൾ കണ്ടെത്തണമെന്നാണ് ദുരന്ത നിവാരണ വിഭാഗത്തിന്റെ നിർദേശം.

പൊതുവായ ദുരിതാശ്വാസ ക്യാമ്പിന് പുറമെ , 60 വയസിന് മുകളിലുള്ളവർക്ക് പ്രത്യേകം കെട്ടിടം, കൊവിഡ് നിരീക്ഷണത്തിലുള്ളവരെ പാർപ്പിക്കാനുള്ള കെട്ടിടം, രോഗ ലക്ഷണങ്ങളുള്ളവരെ മാറ്റി പാർപ്പിക്കാനുള്ള സജീകരണം എന്നിങ്ങനെ നാല് തരത്തിലാണ് ഇത്തവണ ദുരിതാശ്വാസ കേന്ദ്രങ്ങൾ ഒരുക്കേണ്ടത്. ഇതിൽ രോഗലക്ഷണമുള്ളവർക്കും നിരീക്ഷണത്തിലുള്ളവർക്കും ഒരുക്കുന്ന കെട്ടിടത്തിൽ മുറിയോട് ചേർന്ന് ടോയിലറ്റ് സൗകര്യവും ഉണ്ടാവണം. 

ദുരന്ത നിവാരണ വിഭാഗത്തിന്റെ നിർദേശ പ്രകാരം പഞ്ചായത്തുകളിൽ ഇത്തരത്തിലുള്ള കെട്ടിടങ്ങൾ കണ്ടത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മെയ് 30 ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ പൂർണമായും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പഞ്ചായത്തുകൾ ബുദ്ധിമുട്ടുകയാണ്. സംസ്ഥാനത്തെ പല പഞ്ചായത്തുകൾക്കും കൊവിഡ് കെയർ സെന്ററുകൾക്കും പോലും കെട്ടിടങ്ങളില്ല. സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങൾ ഉപേക്ഷിച്ചിട്ടില്ലാത്തതും വരും ദിവസങ്ങളിൽ വിദേശത്ത് നിന്നടക്കം കൂടുതൽ ആളുകൾ എത്തുന്നതും ഇപ്പോൾ തന്നെ പഞ്ചായത്തുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Read Also: വന്ദേഭാരത് മിഷൻ: കൂടുതൽ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് സർവ്വീസ് വേണമെന്ന ആവശ്യം ശക്തമാകുന്നു...

 

click me!