Covid Death Compensation : കൊവിഡ് സഹായ വിതരണം; കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

By Web TeamFirst Published Dec 17, 2021, 5:11 PM IST
Highlights

സഹായധനം നൽകുന്നതിൽ വീഴ്ചയുണ്ടായാൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സഹായം നൽകുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ദില്ലി: കൊവിഡ് (Covid) സഹായധന വിതരണത്തിൽ കേരളത്തിലെ സ്ഥിതി പരിതാപകരമെന്ന് സുപ്രീംകോടതിയുടെ (Supreme Court) വിമര്‍ശനം. നാല്പതിനായിരത്തിലധികം പേര്‍ മരിച്ച സംസ്ഥാനത്ത് രണ്ടായിരം പേര്‍ക്ക് പോലും സഹായധനം നൽകാനായില്ല. സഹായധന വിതരണം വേഗത്തിലാക്കിയില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് കേരളത്തിന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.

കൊവിഡ് സഹായധനത്തിനായി 10777 അപേക്ഷകളാണ് കേരളത്തിൽ ഇതുവരെ കിട്ടിയത്.  ഇതിൽ 1948 അപേക്ഷകൾ അംഗീകരിച്ചെന്നും 548 പേര്‍ക്ക് സഹായധനം വിതരണം ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 40855 പേര്‍ മരിച്ച കേരളത്തിൽ ആകെ സഹായധനം നൽകിയത് 548 പേര്‍ക്ക് മാത്രമാണോ എന്ന ചോദ്യത്തോടെയായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. പരിതാപകരമാണ് കേരളത്തിലെ സ്ഥിതി. ഇങ്ങനെ തുടരാനാകില്ല. അപേക്ഷ കിട്ടി ഒരാഴ്ചക്കുള്ളിൽ കൊവിഡ് ബാധിച്ച് മരിച്ചുവരുടെ ബന്ധുക്കൾക്ക് സഹായ ധനം നൽകാൻ നടപടിയുണ്ടാകണം. അതല്ലെങ്കിൽ കടുത്ത നടപടികൾ കോടതിക്ക് സ്വീകരിക്കേണ്ടിവരുമെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് താക്കീത് നൽകി. സഹായധനം നൽകുന്നതിലെ പുരോഗതി ജനുവരി 17നകം അറിയിക്കണമെന്നും കേരളത്തിന്  നിര്‍ദ്ദേശം നൽകി. കേരളത്തിനൊപ്പം മഹാരാഷ്ട്രയിലെ സഹായധന വിതരണത്തിലുണ്ടാകുന്ന മെല്ലപ്പോക്കിനെയും സുപ്രീംകോടതി വിമര്‍ശിച്ചു.

Also Read: കൊവിഡ് മരണത്തിലെ നഷ്ടപരിഹാരം; സര്‍ക്കാരിന് മുന്നില്‍ അപ്പീല്‍ പ്രളയം, 20,101 അപ്പീല്‍

click me!