P Rajeev Praises Tharoor : തരൂരിൻ്റെ നിലപാട് നാടിന് ഗുണകരം, പിന്തുണയുമായി പി.രാജീവ്

Published : Dec 17, 2021, 05:02 PM ISTUpdated : Dec 17, 2021, 05:03 PM IST
P Rajeev Praises Tharoor : തരൂരിൻ്റെ നിലപാട് നാടിന് ഗുണകരം, പിന്തുണയുമായി പി.രാജീവ്

Synopsis

അതേസമയം കെ റെയിൽ പദ്ധതിയുമായി ഉണ്ടായ വിവാ​​ദങ്ങളിൽ പാ‍ർട്ടി ശശി തരൂരിൻ്റെ അഭിപ്രായം തേടുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. 

തിരുവനന്തപുരം: കെ റെയിലിനെ (K Rail) പിന്തുണയ്ക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ (Pinarayi Vijayan) വികസന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്ത തിരുവനന്തപുരം എംപിയും കോൺ​ഗ്രസ് നേതാവുമായ ശശി തരൂരിനെ (Shashi Tharoor) പിന്തുണച്ച് വ്യവസായമന്ത്രി പി.രാജീവ് ( P Rajeev). കേന്ദ്രമന്ത്രിമാ‍ർ പോലും കേരളത്തിൻ്റെ പ്രവ‍ർത്തനങ്ങളെ മികച്ച രീതിയിലാണ് കാണുന്നതെന്നും ശശി തരൂരിൻ്റെ നിലപാട് നാടിന് ​ഗുണകരമാണെന്നും പി.രാജീവ് പറഞ്ഞു. 

വികസന കാര്യത്തിലും തൊഴിവസരങ്ങൾ സൃഷ്ടിക്കുന്നതിലും രാഷ്ട്രീയത്തിന് അതീതമായ നിലപാടാണ് വേണ്ടതെന്നും സങ്കുചിത രാഷ്ട്രീയം ഇല്ലാത്തവർ നാടിൻ്റെ പൊതു നന്മയ്ക്കൊപ്പം നിൽക്കുമെന്നും പി.രാജീവ് പറഞ്ഞു. വികസനത്തിനായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി നിൽക്കണം. തിരുവനന്തപുരം  വിമാനത്താവളത്തിൻ്റെ സ്വകാര്യവത്കരണത്തെ അനുകൂലിച്ചത് കൊണ്ട് ഈ വിഷയത്തിൽ മറ്റൊരു നിലപാട് ഉണ്ടായി കൂടെന്നില്ലെന്നും പി.രാജീവ് പറഞ്ഞു. 

അതേസമയം കെ റെയിൽ പദ്ധതിയുമായി ഉണ്ടായ വിവാ​​ദങ്ങളിൽ പാ‍ർട്ടി ശശി തരൂരിൻ്റെ അഭിപ്രായം തേടുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ഇക്കാര്യം തരൂരിനോട് ചോദിക്കും. തെറ്റായ നിലപാട് അദ്ദേഹത്തിനുണ്ടെങ്കിൽ പാ‍ർട്ടി അതു തിരുത്തിക്കും.  കെ റെയിൽ പദ്ധതിയെ ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ല. തരൂർ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഇക്കാര്യത്തിലെ തരൂരിൻ്റെ നിലപാട് ശരിയല്ലെന്നും ഗുണകരമല്ലെന്നും സുധാകരൻ പറഞ്ഞു. 

  • തരൂരിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി, അച്ചടക്കം അറിയില്ലെങ്കിൽ പഠിപ്പിക്കണം

മലപ്പുറം: തിരുവനന്തപുരം എം.പി ശശി തരൂരിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺ​ഗ്രസ് ഹൈക്കമാൻഡ് തരൂരിനെ പാ‍ർട്ടി അച്ചടക്കം പഠിപ്പിക്കണം, അല്ലാതെ അദ്ദേഹവുമായി മുന്നോട്ട് പോകാനാവില്ല. കോൺ​ഗ്രസും യുഡിഎഫും കെ-റെയിലിനെതിരെ നിലപാട് എടുക്കുമ്പോൾ ഞാൻ ഇതിനെക്കുറിച്ച് പഠിക്കട്ടെ എന്നു പറഞ്ഞാൽ എങ്ങനെയാണ്. സ‍ർക്കാരിനെ സഹായിക്കാനുള്ള ​ഗൂഢനീക്കമായി മാത്രമേ ഇതിനെ കാണാനാവൂ എന്നും മുല്ലപ്പള്ളി പറഞ്ഞു. 

മുല്ലപ്പള്ളിയുടെ വാക്കുകൾ - 

അന്താരാഷ്ട്രതലത്തിൽ പ്രശസ്തനായ രാജ്യതന്ത്രജ്ഞനും എഴുത്തുകാരനും പ്രാസംഗികനുമായിരിക്കാം എന്നാൽ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിൻ്റെ അടിസ്ഥാനപരമായ തത്ത്വങ്ങളും പാ‍ർട്ടി അച്ചടക്കവും അദ്ദേഹം പഠിക്കേണ്ടതുണ്ട്. അല്ലാതെ മുന്നോട്ട് പോകാനാവില്ല. കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച എംപിയാണെങ്കിലും അദ്ദേഹം അടിസ്ഥാനപരമായി കോൺ​ഗ്രസുകാരനാണ് ഭൂരിപക്ഷം എംപിമാരും കെ റെയിലിനെതിരെ നിലപാട് എടുക്കുമ്പോൾ ഞാൻ ഇതിനെക്കുറിച്ച് പഠിക്കട്ടേ എന്നു പറഞ്ഞാൽ.... നാട്ടിലെ കൊച്ചുകുട്ടികൾക്ക് പോലും കെറെയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുണ്ട്. 

സ‍ർക്കാരിനെ സഹായിക്കാൻ അദ്ദേഹം നടത്തുന്ന ​ഗൂഢനീക്കമായി മാത്രമേ ഇതിനെ കാണാനാവൂ. പാ‍ർട്ടിയെ പല സന്ദ‍ർഭങ്ങളിലും പ്രതിക്കൂട്ടിൽ നിർത്തുന്ന സന്ദർഭമുണ്ടായിട്ടുണ്ട്. അടിയന്തരമായി ഹൈക്കമാൻഡ് ഈ വിഷയത്തിൽ ഇടപെടണം ഈ എംപി സ്വതന്ത്രനായി ഇങ്ങനെ ഇനിയും ഇങ്ങനെ പോകാമോ, പാർട്ടി അച്ചടക്കം ഉയർത്തി പിടിക്കണമെന്ന തത്ത്വം അദ്ദേഹത്തിന് അറിയില്ലെങ്കിൽ ഹൈക്കമാൻഡ് അതു അദ്ദേഹത്തിന് പഠിപ്പിച്ചു കൊടുക്കണം. കഴിഞ്ഞ തവണ തരൂരിനെ ജയിപ്പിക്കാൻ താനടക്കം ഒരുപാട് പേർ ഉറക്കമൊഴിച്ചു പ്രവർത്തിച്ചതാണ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുത്ത നീക്കത്തേയും അനുകൂലിച്ചയാളാണ് തരൂർ. 

കോൺ​ഗ്രസിൻ്റെ നിലവിലെ നേതൃത്വം തരൂരിൻ്റെ സ്വതന്ത്രനിലപാടുകളോട് മൃദുനയമാണ് സ്വീകരിക്കുന്നത്. അതിനിടയിലാണ് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കടുത്ത പരാമർശങ്ങളുമായി ശശി തരൂർ മുന്നോട്ട് എത്തിയത്. മൃദുസമീപനം വിട്ട് തരൂരിനെ അച്ചടക്കം പഠിപ്പിക്കണമെന്ന് പറഞ്ഞ് തരൂരിനൊപ്പം നേതൃത്വത്തേയും മുല്ലപ്പള്ളി വിമർശിക്കുകയാണ്. ഇന്നലെ ലുലു മാളിൽ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയ ശശി തരൂർ ഇന്ന് രാവിലെ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ചിത്രം കൂടി പങ്കുവച്ചിരുന്നു. തരൂരിൻ്റെ നിലപാടുകളിൽ പാർട്ടിക്കുള്ളിൽ ഉള്ള അമർഷം കൂടിയാണ് മുല്ലപ്പള്ളിയുടെ വാക്കുകളിൽ തെളിയുന്നത്. കെപിസിസി നിർവാഹക സമിതിയോ​ഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഈ യോ​ഗത്തിൽ തരൂരിൻ്റെ നിലപാടുകളും ചർച്ചയാവും.

തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സ്വകാര്യവത്കരണം അടക്കമുള്ള വിഷയങ്ങളിലും നേരത്തെ തരൂർ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചിരുന്നു. എൽഡിഎഫും യുഡിഎഫും ഒരേ പോലെ അദാനി തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനെ എതിർത്തപ്പോൾ അതിനെ സ്വാ​ഗതം ചെയ്യുകയും ന്യായീകരിക്കുകയും ചെയ്യുകയാണ് തരൂർ ചെയ്തത്. അതേസമയം നേതാക്കളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടൽ പോലും ക‍ർശനമായി നിരീക്ഷിക്കുകയും തിരുത്തുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യുന്ന കെപിസിസിയുടെ പുതിയ നേതൃത്വം തരൂരിനെതിരെ എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഇനി കാണേണ്ടത്.  

  • തരൂരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല 

പത്തനംതിട്ട: കെ റെയിൽ പദ്ധതിയിൽ പാർട്ടി നിലപാടിന് ഭിന്നമായി അഭിപ്രായം പറയുകയും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചു സംസാരിക്കുകയും ചെയ്ത തിരുവനന്തപുരം എംപി ശശി തരൂരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല. എല്ലാ കാര്യത്തിലും സ്വന്തമായി കാഴ്ചപ്പാടും നിലപാടുമുള്ളയാളാണ് ശശി തരൂരെന്നും എന്നാൽ അദ്ദേഹം എപ്പോഴും പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽ നിന്നാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും 
ചെന്നിത്തല പറഞ്ഞു. 

കെ-റെയിൽ പദ്ധതിയോടുള്ള നിലപാടിൽ പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടാണ്. യുഡിഎഫ് നടത്തിയ പഠനത്തിൽ പദ്ധതി അപ്രായോ​ഗികമാണെന്ന് ബോധ്യപ്പെട്ടതാണ്. നിലവിലുള്ള റെയിൽവേ ലൈനിലൂടെ തന്നെ പദ്ധതി നടപ്പാക്കണം. പദ്ധതിയുമായി യോജിക്കാൻ യുഡിഎഫിന് കഴിയില്ല. കെ റയിൽ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ തന്നെ റിയൽ എസ്റ്റേറ്റ് കച്ചവടമാണ്. ഭൂമി ഏറ്റെടുക്കുന്നത് പണയം വച്ച് പണം കടം എടുക്കാൻ വേണ്ടി മാത്രമാണ്. പാർട്ടിക്ക് എതിരായി ശശി തരൂർ ഒന്നും പറഞ്ഞിട്ടില്ല. ശശി തരൂരിന് സ്വന്തമായി അഭിപ്രായം ഉണ്ട്. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം