വഞ്ചിയൂരിൽ മരിച്ച രമേശന്റെ കൊവിഡ് പരിശോധന വൈകി, ആശുപത്രികൾക്ക് വീഴ്ച സംഭവിച്ചെന്നും ജില്ലാ കളക്ടർ

By Web TeamFirst Published Jun 24, 2020, 4:39 PM IST
Highlights

ജില്ലാ കളക്ട്രേറ്റിൽ വാർ റൂം പ്രവർത്തനം തുടങ്ങി. നഗരസഭ പരിധിയിൽ  കൂടുതൽ ടെസ്റ്റിംഗ് നടത്തുന്നതിന്റെ ഭാഗമായി സ്രവം ശേഖരിക്കാൻ ഏഴ് മൊബൈൽ വണ്ടികൾ സജ്ജീകരിച്ചു

തിരുവനന്തപുരം: വഞ്ചിയൂരിൽ മരിച്ച രമേശിന്റെ പരിശോധന വൈകിയെന്ന് തുറന്ന് സമ്മതിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ. ജനറൽ ആശുപത്രിയുടെയും തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെയും ഭാഗത്ത് വീഴ്ച ഉണ്ടായെന്നും അവർ പറഞ്ഞു. ഇത് സംബന്ധിച്ച് റിപ്പോർട്ട് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയക്കുമെന്നും കളക്ടർ വ്യക്തമാക്കി.

തിരുവനന്തപുരത്തെ മൂന്നാമത്തെ കൊവിഡ് മരണമായിരുന്നു രമേശന്റേത്. ഇയാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. ശ്വാസകോശ രോഗം ബാധിച്ച് മെയ് 23 മുതൽ 28 വരെ ഇദ്ദേഹം ജനറൽ ആശുപത്രിയിൽ കഴിഞ്ഞിരുന്നു. പിന്നീട് വീട്ടിലേക്ക് പോയി. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജൂൺ 10നും 11 നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞു. ജൂൺ 12 ന് മരണം സംഭവിച്ചു. മരണശേഷമാണ് കൊവിഡ് പരിശോധന നടത്തിയത്.

രണ്ട് ആശുപത്രികളോടും കളക്ടർ വിശദീകരണം തേടിയിരുന്നു. രണ്ട് വിശദീകരണവും തൃപ്തികരമായിരുന്നില്ലെന്നാണ് വിവരം. ജില്ലയിൽ സ്ഥിതി ആശങ്കാജനകമാണെന്ന് കളക്ടർ പറഞ്ഞു. നഗരസഭാ പരിധിയിൽ കൂടുതൽ പേരിൽ കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ സമൂഹവ്യാപനത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. ആശങ്ക ഉയരുന്ന സാഹചര്യത്തിൽ, രോഗവ്യാപനം കൂടുകയാണെങ്കിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും. ഇപ്പോൾ 70 രോഗികളാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ രണ്ട് പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും കളക്ടർ പറഞ്ഞു.

ജില്ലാ കളക്ട്രേറ്റിൽ വാർ റൂം പ്രവർത്തനം തുടങ്ങി. നഗരസഭ പരിധിയിൽ  കൂടുതൽ ടെസ്റ്റിംഗ് നടത്തുന്നതിന്റെ ഭാഗമായി സ്രവം ശേഖരിക്കാൻ ഏഴ് മൊബൈൽ വണ്ടികൾ സജ്ജീകരിച്ചു. കൂടുതൽ കേസുകളുണ്ടായ വാർഡുകളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും തീരദേശത്തും ടെസ്റ്റിംഗ് നടത്തും. അതേസമയം നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷാ ഡ്രൈവർ 92 പേരുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തി. എന്നാൽ ഇയാൾക്ക് രോഗബാധ എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

click me!