Latest Videos

കൊവിഡ് കാലത്തെ മാലാഖമാര്‍; ജീവിതം ജനങ്ങള്‍ക്കായി മാറ്റിവെച്ച് രണ്ട് ചെറുപ്പക്കാര്‍

By Veena ChandFirst Published May 30, 2021, 12:19 PM IST
Highlights

ജീവിതം മാറ്റിമറിച്ച ആ ഫോണ്‍വിളി വന്നത് ആറു മാസം മുമ്പാണെന്ന് ശ്രീകാന്ത് പറയുന്നു. ഇനിയൊരു വീട്ടിലും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന് രണ്ടുപേരും തീരുമാനിച്ചു. പഞ്ചായത്തിലെ എല്ലാ വീടുകളിലും തങ്ങളുടെ ശ്രദ്ധയുണ്ടാകണമെന്ന് ഉറപ്പിച്ചു.

സഹായം ചോദിച്ച് ഫോണ്‍വിളി വന്നതിനെത്തുടര്‍ന്നാണ് ആ രണ്ട് ചെറുപ്പക്കാര്‍ ആ വീട്ടിലേക്ക് എത്തിയത്. അവരെ കാത്തിരുന്ന കാഴ്ച അതിദയനീയമായിരുന്നു. പുഴുവരിച്ച നിലയില്‍ വീട്ടിനുള്ളില്‍ ഒരു മൃതദേഹം. കൊവിഡ് കാലമായതിനല്‍ ആ മൃതദേഹം എടുത്തുമാറ്റാന്‍ പലരും തയ്യാറായില്ല. എന്നാല്‍, ആ ചെറുപ്പക്കാരാവട്ടെ, ഒട്ടും മടിച്ചില്ല. മൃതദേഹം എടുത്ത് ആംബുലന്‍സിലേക്ക് കയറ്റി.

അത് ഒരു തുടക്കമായിരുന്നു. ഈ കൊവിഡ് കാലത്ത് അവരിപ്പോള്‍ സദാ സേവനസന്നദ്ധരാണ്. ഫോണ്‍ ചെയ്താല്‍ മതി, ഏതു സഹായത്തിനും അവരെത്തും.  എപ്പോഴും ക്വാറന്റീനിലായതിനാല്‍ വീട്ടില്‍ പോകാന്‍ കഴിയാതെയായി. സഹായം തേടി ഏതു നേരവും വിളി വരുമെന്നതിനാല്‍ താമസം കൊവിഡ് കരുതല്‍ കേന്ദ്രത്തിന് സമീപത്തുതന്നെയാക്കി.

ഇത് കോട്ടയം വാഴൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത്തിന്റെയും ശ്രീകാന്തിന്റെയും കഥയാണ്. ഡിവൈഎഫ്‌ഐയിലൂടെയാണ് ഇരുവരും പൊതുരംഗത്ത് സജീവമായത്. ഇത്തവണ പാര്‍ട്ടി കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയതോടെ ഇരുവരും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി. സ്വന്തം വാര്‍ഡുകളിലെ ആവശ്യങ്ങള്‍ക്ക് മാത്രമല്ല പഞ്ചായത്തിലെവിടെയും സഹായവുമായി ഓടിയെത്താന്‍ ഇവര്‍ റെഡിയാണ്. പഞ്ചായത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ മുഴുവന്‍ സമയവും കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ മാറ്റിവച്ചു.  പിപിഇ കിറ്റും കയ്യുറകളും മാസ്‌കും മരുന്നുകളും വാഹനവുമൊക്കെയായി ഏതു നേരവും സജ്ജരാണിവര്‍.

ഈയൊരു മാറ്റം ഉണ്ടാക്കിയ ആ സംഭവത്തെക്കുറിച്ച് അവര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത് ഇങ്ങനെയാണ്: 'വാഴൂര്‍ പത്തൊമ്പതാം മൈലിലായിരുന്നു സംഭവം. അവിടുത്തെ മെമ്പറാണ് ഞങ്ങളെ വിളിച്ച് വിവരം പറഞ്ഞത്. ഉടനെ അവിടെയെത്തി. വിവരം അറിഞ്ഞ് ആദ്യം കുറേ നാട്ടുകാരൊക്കെ കൂടിയിരുന്നു. പക്ഷേ, പെട്ടന്ന് തന്നെ അവരെല്ലാം തിരിച്ചുപോയി. കൊവിഡ് വല്ലോം വന്ന് മരിച്ചതാണോന്നൊക്കെ പേടിച്ചിട്ടായിരിക്കും. അവസ്ഥ അതല്ലേ. ഞങ്ങള് ചെന്ന് ബോഡിയെടുത്ത് ആംബുലന്‍സില്‍ കേറ്റി. അന്ന് മുതല്‍  ഞങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെയാണ്.''

ജീവിതം മാറ്റിമറിച്ച ആ ഫോണ്‍വിളി വന്നത് ആറു മാസം മുമ്പാണെന്ന് ശ്രീകാന്ത് പറയുന്നു. ഇനിയൊരു വീട്ടിലും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന് രണ്ടുപേരും തീരുമാനിച്ചു. പഞ്ചായത്തിലെ എല്ലാ വീടുകളിലും തങ്ങളുടെ ശ്രദ്ധയുണ്ടാകണമെന്ന് ഉറപ്പിച്ചു.

ശ്രീകാന്ത്


ഒന്നരമാസം മുമ്പാണ് കൊവിഡ് കരുതല്‍ കേന്ദ്രത്തിനടുത്തേക്ക് താമസം മാറിയത്. "ഇടത്തരം കുടുംബത്തില്‍ നിന്നുള്ളവരാണ് ഞങ്ങള്. അങ്ങനെ വലിയ സൗകര്യങ്ങളുള്ള വീടുകളല്ല.  വീട്ടില്‍ പ്രായമായവരും കുഞ്ഞുങ്ങളും ഒക്കെയുണ്ട്. കൊവിഡ് പ്രതിരോധമാര്‍ഗമൊക്കെ സ്വീകരിച്ച് സൂക്ഷിച്ച് തന്നെയാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. എന്നാലും വീട്ടുകാരെ ഓര്‍ത്തും കരുതല്‍ വേണമല്ലോ. അങ്ങനെയാണ് താമസം ഇവിടേക്ക് മാറിയത്. ഇങ്ങനെയാകുമ്പോ രോഗികള്‍ക്കാവശ്യമുള്ള സാധനങ്ങളുമായി വേഗം പുറപ്പെടാനും കഴിയും" -ഇരുവരും പറയുന്നു.

വീട്ടുകാര്‍ പോലും പരിചരിക്കാതെയിരുന്ന നിരവധി കൊവിഡ് രോഗികള്‍ക്ക് ഇവര്‍ രക്ഷകരായി എത്തി. ഇതുവരെ നൂറുകണക്കിന് കൊവിഡ് രോഗികളെ ആശുപത്രികളിലേക്കും ചികിത്സാ കേന്ദ്രങ്ങളിലേക്കും എത്തിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇരുപത്തിയഞ്ചിനടുത്ത് കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. രോഗബാധിതര്‍ക്ക് സഹായമെത്തിക്കാനും ആഹാരം നല്‍കാനുമൊക്കെ പഞ്ചായത്ത് ആദ്യം വിളിക്കുന്നതും ഇവരെത്തന്നെ. രണ്ടാഴ്ചയോളമായി രോഗികളുടെ വീടുകളിലെത്തി ഓക്‌സിജന്‍ അളവ് പരിശോധിക്കുന്ന ജോലിയും ഇവര്‍ ചെയ്യുന്നു.

അജിത്

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ട്രെയിനിംഗ് അടക്കമുള്ള പരിശീലനങ്ങള്‍ നേടിയിട്ടുള്ളവരാണ് അജിത്തും ശ്രീകാന്തും. അതുകൊണ്ടു തന്നെ ഈ പ്രവര്‍ത്തനങ്ങളൊക്കെ ചെയ്യാനുള്ള ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. പിഴവ് വരാതെ തങ്ങളുടെ ജോലി ചെയ്യാന്‍ കഴിയുന്നതിലുള്ള സന്തോഷവും ഇവര്‍ മറച്ചുവെക്കുന്നില്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!