Covid Fraud : 400 രൂപയ്ക്ക് പിപിഇ കിറ്റ് നല്‍കാന്‍ തയ്യാറായ കമ്പനിയെ വെട്ടി; വാങ്ങിയത് 1550 രൂപയ്ക്ക്

By Web TeamFirst Published Jan 15, 2022, 10:19 AM IST
Highlights

ഗുണനിലവാര പരിശോധനയിൽ പിന്നോട്ട് പോയെന്ന കാരണം പറഞ്ഞ് മഹിളാ അപ്പാരൽസിനെ തഴഞ്ഞപ്പോൾ തട്ടിക്കൂട്ട് കമ്പനിയായ സാൻഫാർമക്ക് കരാർ നൽകാന്‍ ഒരു ഗുണനിലവാര പരിശോധനയും നടത്തിയില്ല.

തിരുവനന്തപുരം: കൊവിഡ് (Covid) കാലത്ത് വൻതുകയ്ക്ക് പിപിഇ കിറ്റ് (PPE Kit) വാങ്ങാൻ സാൻഫാർമ എന്ന സ്ഥാപനത്തിന് വഴിവിട്ട് കരാർ കൊടുത്തതിൻ്റെ നിർണ്ണായക തെളിവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കുറഞ്ഞ വിലയ്ക്ക് കിറ്റ് നൽകാൻ തയ്യാറായ വ്യവസായ വകുപ്പിന് കീഴിലെ മികച്ച സ്ഥാപനമായ മഹിളാ അപ്പാരൽസിനെ മറികടന്നായിരുന്നു മെ‍ഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ്റെ ഒത്തുകളി. ഗുണനിലവാര പരിശോധനയിൽ പിന്നോട്ട് പോയെന്ന കാരണം പറഞ്ഞ് മഹിളാ അപ്പാരൽസിനെ തഴഞ്ഞപ്പോൾ തട്ടിക്കൂട്ട് കമ്പനിയായ സാൻഫാർമക്ക് കരാർ നൽകാന്‍ ഒരു ഗുണനിലവാര പരിശോധനയും നടത്തിയില്ല. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം 'കൊവിഡ് കൊള്ള' (Covid Fraud) തുടരുന്നു.

വര്‍ഷങ്ങളായി കേരളത്തിന്‍റെ അഭിമാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായ വകുപ്പിന് കീഴിലെ ക്ലസ്റ്റര്‍ ഡവലപ്മെന്‍റ് പ്രോഗ്രാമില്‍ ഉള്‍പ്പെട്ട വനിതാ സംരഭമായ മഹിളാ അപ്പാരൽസും കൊവിഡ് കാലത്ത് പിപിഇ കിറ്റ് നല്‍കാന്‍ മുന്നോട്ട് വന്നു. നിപാ കാലത്തടക്കം പിപിഇ കിറ്റ് നൽകിയ മഹിളാ അപ്പാരൽസ് കൊവിഡ് കാലത്ത് മുന്നോട്ട് വെച്ച തുക വെറും 400 രൂപ. അതായത് സാന്‍ഫാര്‍മയ്ക്ക് കൊടുത്തതില്‍ നാലിലൊന്ന് മാത്രം.

Latest Videos

സാൻഫാർമ വരുന്നതിന് അഞ്ച് ദിവസം മുമ്പ് മികച്ച ട്രാക്ക് റെക്കോർഡുള്ള മഹിളാ അപ്പാരൽസിന് പർച്ചേസ് ഓർഡർ നൽകി. 400 രൂപയ്ക്ക്. പക്ഷെ 400 രൂപയുടെ കിറ്റിനെ വെട്ടാന്‍ കെഎംഎസ് സിഎൽ എംഡിയായിരുന്ന ഡോ ദിലീപ് കുമാറും സംഘവും പ്രയോഗിച്ച തന്ത്രം ഗുണനിലവാര പരിശോധന വേണമെന്നതായിരുന്നു. 2018 ല്‍ കെഎസ്ഐഡിസിയുടെ മികച്ച സംരഭകര്‍ക്കുള്ള അവാര്‍ഡ് കിട്ടിയ മഹിളാ അപ്പാരല്‍സിന്‍റെ പിപിഇ കിറ്റിന് ഗുണനിലവാരമില്ലെന്ന് ഫയലിലെഴുതി പര്‍ചേസ് ഓര്‍ഡര്‍ തന്നെ റദ്ദാക്കിക്കളഞ്ഞു. എന്നാല്‍, 1550 രൂപയ്ക്ക് കിറ്റ് വാങ്ങിയ സാൻഫാർമയുടെ ഫയലില്‍ ഒരു പരിശോധനയ്ക്കും നിര്‍ദേശമില്ല.

നിപാ കാലത്ത് ഉപയോഗിക്കുകയും കൊവിഡ് കാലത്ത് സ്വകാര്യ ആശുപത്രികള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പടെ ലക്ഷക്കണക്കിന് പിപിഇ കിറ്റ് കൊടുത്ത മഹിള അപ്പാരല്‍സ് 400 രൂപയ്ക്ക് എത്ര വേണമെങ്കിലും കിറ്റ് കൊടുക്കാന്‍ തയ്യാറുമായിരുന്നു. അപ്പോഴാണ് ആർക്കും അറിയാത്ത ഊരും പേരുമറിയാത്ത സാൻഫാർമക്ക് വേണ്ടി ദിലീപ്കുമാറും സംഘവും കരുക്കുൾ നീക്കിയത്.

തട്ടിക്കൂട്ട് കമ്പനികളില്‍ നിന്ന് മൂന്നും നാലും മടങ്ങ് കൊടുത്ത് വാങ്ങിയ പിപിഇ കിറ്റിന് ഗുണനിലവാര പരിശോധന നടത്താതിരിക്കുകയും നിപാ കാലത്ത് തന്നെ കിറ്റുകൾ നൽകിയ വനിതകളുടെ സംരഭത്തിന്‍റെ പിപിഇ കിറ്റ് മാത്രം ഗുണനിലവാരമില്ലാതാകുന്നതും എന്തുകൊണ്ടാണെന്ന് പകല്‍ പോലെ വ്യക്തമാണ്. ഓരോ ദിവസവും പുറത്തുവരുന്നത് കോടികളുടെ പര്‍ചേസ് കൊള്ളയാണ്.

click me!