Covid Kerala : സ്കൂളുകൾ ഭാഗികമായി അടയ്ക്കും, 9-ാം ക്ലാസ് വരെ 21 മുതൽ ഓൺലൈൻ ക്ലാസ്

Published : Jan 14, 2022, 04:24 PM ISTUpdated : Jan 14, 2022, 04:57 PM IST
Covid Kerala : സ്കൂളുകൾ ഭാഗികമായി അടയ്ക്കും, 9-ാം ക്ലാസ് വരെ 21 മുതൽ ഓൺലൈൻ ക്ലാസ്

Synopsis

രാത്രി കർഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല. സ്ഥിതിഗതികൾ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാകും കൂടുതൽ നിയന്ത്രണങ്ങൾ വേണോ എന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി അടയ്ക്കാൻ തീരുമാനം. കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുകയറവേ ആണ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ മതിയെന്ന് തീരുമാനിച്ചത്. ഈ മാസം 21 മുതലാണ് സ്കൂളുകൾ അടച്ചിട്ട് ഓൺലൈൻ ക്ലാസുകൾ നടത്തുക.

രാത്രി കർഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല. സ്ഥിതിഗതികൾ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാകും കൂടുതൽ നിയന്ത്രണങ്ങൾ വേണോ എന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. 

പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈനായി തന്നെ തുടരും. മാർച്ച് അവസാനം നിശ്ചയിച്ച വാർഷിക പരീക്ഷകൾ മാറ്റാനിടയില്ല. അത്തരത്തിൽ നിർണായകമായ പരീക്ഷകൾ മാറ്റേണ്ട സാഹചര്യം ഒഴിവാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്. 

വീട്ടിലിരിക്കുന്ന കുട്ടികൾക്ക് വിക്ടേഴ്സ് വഴിയാകുമോ ക്ലാസ്സുകൾ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമാക്കി ഒരു മാർഗരേഖ വിദ്യാഭ്യാസവകുപ്പ് പുറത്തുവിടും. തിങ്കളാഴ്ച മാ‍ർഗരേഖ പുറത്തിറക്കും എന്നാണ് വിവരം. കൊവിഡ് വ്യാപനം രൂക്ഷമായാൽ അതാത് സ്ഥാപനങ്ങൾ അടച്ചിടാമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. ഇക്കാര്യം അതാത് മേലധികാരികൾക്ക് തീരുമാനിക്കാം. സ്കൂളുകളും കോളേജുകളും അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും കൊവിഡ് വ്യാപനം രൂക്ഷമാവുകയോ കൂടുതൽ രോഗികളുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താൽ അടച്ചിടാം. സർക്കാർ പരിപാടികൾ പരമാവധി ഓൺലൈൻ ആക്കാനും തീരുമാനമായിട്ടുണ്ട്. 

ഒരു വശത്ത് കൊവിഡിന്‍റെ കുതിച്ചുകയറുന്ന വ്യാപനം, മറുവശത്ത് ഒമിക്രോൺ ഭീഷണി - ഈ സാഹചര്യത്തിലാണ് സ്കൂളുകളുടെ പ്രവർത്തനങ്ങളെ കുറിച്ച് സർക്കാർ ഗൗരവമായി ആലോചിച്ചത്. ഇന്നലെ വിദ്യാഭ്യാസമന്ത്രി മുഖ്യമന്ത്രിയെ കണ്ട് സ്ഥിതിഗതികളെ കുറിച്ച് ചർച്ച നടത്തി. പൂർണ്ണമായും സ്കൂളുകൾ അടച്ചിടേണ്ട എന്നാണ് വിദ്യാഭ്യാസവകുപ്പിന്‍റെ നിലപാട്. ചില നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതാണ് വകുപ്പ് നിർദേശിച്ചത്. അത് തന്നെയാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.

ഈ ക്ലാസുകൾ പൂർണ്ണമായും ഓൺ ലൈൻ ആക്കാം, അല്ലെങ്കിൽ നിലവിലെ ക്ലാസ് സമയം കുറക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചത്. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ച വരെയാണ് ക്ലാസുകൾ. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനസമിതിയിലെ വിദഗ്ധരും അനുകൂലിച്ചതോടെയാണ് സർക്കാർ ഈ തീരുമാനത്തിലേക്ക് എത്തിയത്. 

വാർഷിക പരീക്ഷകൾ മാർച്ച് അവസാനമായതു കൊണ്ട് ഇത് മാറ്റേണ്ടതില്ലെന്ന് തന്നെയാണ് ധാരണ. മാത്രമല്ല, സിബിഎസ്ഇ വിദ്യാർത്ഥികളുടെ ഒന്നാം ടേം പരീക്ഷ പൂർത്തിയായി. കൊവിഡ് വ്യാപനം രൂക്ഷമായാൽ രണ്ടാം ടേം ഉപേക്ഷിച്ച് ആദ്യം ടേം പരീക്ഷ മാത്രം നോക്കി വിലയിരുത്താനും സിബിഎസ്ഇക്ക് സാധിക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള വാക്സീനേഷൻ ഡ്രൈവിനും സർക്കാർ തയ്യാറെടുക്കുന്നുണ്ട്. ഇതുവരെ വാക്സീൻ എടുത്തവരുടെ കണക്ക് എടുത്ത ശേഷം വാക്സീൻ സ്വീകരിക്കാത്തവർക്ക് അതിവേഗം വാക്സീൻ നൽകാനാണ് നീക്കം. 

PREV
Read more Articles on
click me!

Recommended Stories

Kerala Local Body Election 2025 LIVE: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി
കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം