ആലപ്പുഴയിൽ പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം; ആശങ്ക

By Web TeamFirst Published Aug 16, 2020, 4:25 PM IST
Highlights

അരൂർ സ്റ്റേഷനിലെ വനിതാ പൊലീസുകാരിക്കും കൊവിഡ് പോസീറ്റീവായി. ഇതോടെ സ്റ്റേഷൻ താൽകാലികമായി അടച്ചു. എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്. 

ആലപ്പുഴ: ആലപ്പുഴയിൽ പൊലീസുകാര്‍ക്കിടയിലെ കൊവിഡ് വ്യാപനം ആശങ്കയാകുന്നു. തൃക്കുന്നപുഴ പൊലീസ് റ്റേഷനിലെ അ‌ഞ്ച് പേര്‍ക്കും ആരൂര്‍ സ്റ്റേഷനിലെ വനിതാ പൊലീസുകാരിക്കും കൊവിഡ് സ്ഥിരീകരിച്ചു. തൃക്കുന്നപുഴ സ്‌റ്റേഷനിലെ എഎസ്‌ഐ അടക്കം രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ, സിഐ ഉൾപ്പടെ 28 പൊലീസുകാര്‍ നിരീക്ഷണത്തിൽ പോയി.  സ്റ്റേഷന്‍റെ ഭാഗമായി ജോലി ചെയ്യുന്ന ഹോം ഗാർഡ് , രണ്ട് സന്നദ്ധ പ്രവർത്തകർ എന്നിവർക്കും രോഗം ബാധിച്ചു. അരൂർ സ്റ്റേഷനിലെ വനിതാ പൊലീസുകാരിക്കും കൊവിഡ് പോസീറ്റീവായി. ഇതോടെ സ്റ്റേഷൻ താൽകാലികമായി അടച്ചു. എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്. 

എആർ ക്യാമ്പിലെ പൊലീസ് സൊസൈറ്റിയിൽ അംഗമായ ഇവർ പതിനൊന്നാം തീയതി നടന്ന ബോർഡ് യോഗത്തിൽ പങ്കെടുത്തിരുന്നു.  പൊലീസ് ക്യാന്‍റീനിലും സന്ദർശനം നടത്തി. ഒറ്റപുന്ന സ്വദേശിയായ ഇവരുടെ  കുടുംബാംഗങ്ങൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഒന്‍പത് പൊലീസുകാർക്ക് രോഗം വന്ന ആലപ്പുഴ സൗത്ത് സ്റ്റേഷൻ ക്ലസ്റ്ററായി പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ തുമ്പോളി, ചെട്ടികാട്, പട്ടണക്കാട് തുടങ്ങിയ ക്ലസ്റ്ററുകളിൽ സ്ഥിതി രൂക്ഷമാണ്. ആവശ്യത്തിന് പരിശോധനാ കിറ്റും ചികിത്സാ കേന്ദ്രങ്ങളും  സജ്ജമാണെന്ന് ആരോഗ്യവകുപ്പും പറയുന്നുണ്ടെങ്കിലും തുടർച്ചയായ ദിവസങ്ങളിൽ നൂറിന് മുകളിൽ രോഗബാധിതർ വരുന്നത് പ്രതിസന്ധിയാകുന്നുണ്ട്. സമ്പർക്ക രോഗികൾ 80 ശതമാനത്തിന് മുകളിലുമാണ്. ആലപ്പുഴ ജില്ലയിൽ പൊലീസ് ക്ലസ്റ്ററുകൾ കൂടുമോയെന്ന ആശങ്കയാണ് ജില്ലാ അധികൃതര്‍ക്ക്. 
 

click me!