പാലക്കാട് മേനോൻപറയിൽ ലോൺ ആപ്പ് ഭീഷണി മൂലം 37കാരൻ ആത്മഹത്യ ചെയ്തു. റൂബിക്ക് മണി എന്ന ആപ്പിൽ നിന്ന് പണം കടം വാങ്ങിയ അജീഷിനെ, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിക്കുന്നു
പാലക്കാട് മേനോൻപറയിൽ 37കാരൻ ആത്മഹത്യ ചെയ്തത് ലോൺ ആപ്പുമായി ബന്ധപ്പെട്ട ഭീഷണി മൂലമെന്ന് കുടുംബം. മേനോൻപറ സ്വദേശി അജീഷിൻ്റെ മരണത്തിലാണ് കുടുംബത്തിൻ്റെ പരാതി. എടുത്തതിൽ കൂടുതൽ പലിശ സഹിതം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നെന്ന് കുടുംബം ആരോപിക്കുന്നു. റൂബിക്ക് മണി എന്ന ലോൺ ആപ്പിൽ നിന്ന് അജീഷ് പണം കടം വാങ്ങിയിരുന്നുവെന്നും തിരിച്ചടവ് വൈകിയതോടെ അപരിചിതമായ ഒരു നമ്പറിൽ നിന്ന് ഭീഷണികൾ വന്നതായും ബന്ധുക്കൾ പറയുന്നു. അജീഷിനെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇതിൽ മനംനൊന്താണ് യുവാവ് തിങ്കളാഴ്ച ജീവനൊടുക്കിയതെന്നും അജീഷിന്റെ സഹോദരൻ പറഞ്ഞു. സംഭവത്തിൽ ബന്ധുക്കൾ പോലീസിന് പരാതി നൽകിയിട്ടുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)


