'പാര്‍ട്ടിയിൽ മുരടിപ്പ്, ചിലര്‍ പാര്‍ട്ടി സ്ഥാനം ഉപയോഗിച്ച് പണം ഉണ്ടാക്കുന്നു'; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടന റിപ്പോര്‍ട്ടിൽ രൂക്ഷവിമര്‍ശനം

Published : Sep 21, 2025, 03:35 PM IST
cpi 25th party congress

Synopsis

സിപിഐയിൽ മുരടിപ്പെന്നും ചിലർ ഒരേ പദവിയിൽ തുടരുന്നത് പാര്‍ട്ടിയുടെ ഊര്‍ജം കെടുത്തുന്നുവെന്നും പാര്‍ട്ടി കോണ്‍ഗ്രസ് കരട് സംഘടനാ റിപ്പോര്‍ട്ടിൽ വിമര്‍ശനം.ചിലർ സ്ഥാനം ഉപയോഗിച്ച് പണം ഉണ്ടാക്കുകയാണെന്നും പുരുൽ മേധാവിത്വ പ്രവണതയുണ്ടെന്നും വിമര്‍ശനം

ദില്ലി: പാർട്ടിയിൽ മുരടിപ്പെന്ന് 25ാം സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സംഘടന റിപ്പോർട്ടിൽ വിമർശനം. 32 പേജുള്ള കരട് സംഘടനാ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ചില നേതാക്കൾ ഒരേ പദവിയിൽ നിന്ന് മാറാതിരിക്കുകയാണെന്നും ഇത് പാർട്ടിയുടെ ഊർജ്ജം കെടുത്തുകയാണെന്നുമാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനം. യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മറ്റു പാര്‍ട്ടികളിലെ 'അന്യ പ്രവണതകൾ' സിപിഐയിലും കൂടിവരുകയാണെന്നും ചിലർ പാർട്ടി സ്ഥാനം ഉപയോഗിച്ച് പണം ഉണ്ടാക്കുകയാണെന്നും മത്സരിക്കാൻ സീറ്റു കിട്ടാത്തവർ പാർട്ടി വിടുകയാണെന്നും വിമര്‍ശനമുണ്ട്. സ്ഥാനങ്ങളിൽ നിന്ന് മാറിയാൽ പാർട്ടിയെ അപമാനിക്കുന്നു. പുരുഷ മേധാവിത്വ പ്രവണത പാർട്ടിയിലുണ്ട്.സ്ത്രീകൾക്ക് അധികാരം നല്കാൻ പാടില്ലെന്ന ചിന്ത പാർട്ടിയിലുണ്ടെന്നും ഫണ്ട് പിരിവിൽ കേരളം മാതൃകയാണെന്നും ജനങ്ങളിലേക്കെത്തിയാണ് കേരളത്തിൽ ഫണ്ട് പിരിവെന്നും റിപ്പോര്‍ട്ടിലുണ്ട്.എപ്പോഴും വലിയ പാർട്ടികളെയും സഖ്യത്തെയും ആശ്രയിക്കരുതെന്നും സ്വന്തം ശക്തി കൂട്ടാനും സഖ്യമില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കാനും തയ്യാറാകണമെന്നും വിമര്‍ശനമുണ്ട്.

 

ഡി രാജ മാറണമെന്ന് കേരള ഘടകം, പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് അനുകൂലിക്കുന്നവര്‍ 

 

സിപിഐ പാർട്ടി കോൺഗ്രസിന് പൊതു സമ്മേളനത്തോടെ ചണ്ഡീഗഡിൽ തുടക്കമായി. പാര്‍ട്ടി കോണ്‍ഗ്രസ് റാലിയും പൊതുസമ്മേളനവും നടന്നു. ദീപശിഖ, പതാക എന്നിവ റെഡ് വളണ്ടിയര്‍മാര്‍ സമ്മേളന വേദിയിൽ എത്തിച്ചു. പൊതുസമ്മേളനത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ സംസാരിച്ചു. കേന്ദ്രത്തിലെ ഫാസിസ്റ്റ് സര്‍ക്കാരിനെ നേരിടുമെന്ന് ഡി രാജ പൊതുസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം, സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസ് തുടങ്ങുമ്പോൾ നേതൃമാറ്റം പ്രധാന ചർച്ചയായി മാറുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതിന് മുമ്പായി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഡി. രാജ മാറണം എന്ന നിലപാട് കേരള ഘടകം പരസ്യമാക്കി. പ്രായപരിധി ആർക്ക് വേണ്ടിയും ഇളവ് ചെയ്യാൻ ആവില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ, പാർട്ടി കോൺഗ്രസ് തീരുമാനിക്കട്ടെ എന്ന് ഡി രാജയെ അനുകൂലിക്കുന്നവർ തിരിച്ചടിച്ചു.

എഴുപത്തഞ്ച് വയസ് പ്രായപരിധി പിന്നിട്ട ഡി രാജ ഈ മാനദണ്ഡം നിർബന്ധമല്ല എന്നാണ് വാദിക്കുന്നത്. എന്നാൽ ഇത് നേരത്തെ പാർട്ടി കോൺഗ്രസ് നിശ്ചയിച്ചത് ആണെന്നും വ്യക്തിയെ നോക്കി ഇളവ് പറ്റില്ലെന്നുമാണ് കേരള ഘടകം പരസ്യമായി തന്നെ വാദിക്കുകയാണ്. സംസ്ഥാന ഘടകത്തിലെ പ്രകാശ് ബാബുവും പി സന്തോഷ് കുമാറും ബിനോയ് വിശ്വത്തിന്‍റെ നിലപാട് ആവർത്തിച്ചു. എന്നാൽ യുപി, പഞ്ചാബ് അടക്കം വടക്കേ ഇന്ത്യൻ ഘടകങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് ഡി രാജയുടെ നീക്കം. പ്രായ പരിധിയെ കുറിച്ച് സമ്മേളനത്തിന് പുറത്ത് അഭിപ്രായം പറയുന്നതിലെ അതൃപ്തി ആനി രാജ പ്രകടിപ്പിച്ചു. ചരിത്രപരമായ പാർട്ടി കോൺഗ്രസ് ആയിരിക്കുമെന്നും ജനൻസെക്രട്ടറിയെ തീരുമാനിക്കേണ്ടത് പ്രതിനിധികൾ തീരുമാനിക്കുമെന്നും പുറത്ത് നിന്നല്ല തീരുമാനം പറയേണ്ടതെന്നും ആനി രാജ പറഞ്ഞു. ഭരണഘടന പ്രകാരം തന്നെ തീരുമാനം എടുക്കും. കേരളത്തിൽ നിന്നും കശ്മീരിൽ നിന്നും വരുന്നവർക്ക് ഒരേ ഭരണ ഘടനയാണെന്നും ആനി രാജ പറഞ്ഞു.

നാളെ തുടങ്ങുന്ന പ്രതിനിധി സമ്മേളനത്തിലെ ചർച്ചകൾ ഈ വിഷയത്തിലേക്ക് വഴി തിരിയാനാണ് സാദ്ധ്യത. മാറില്ലെന്ന നിലപാടിൽ രാജ ഉറച്ചു നിന്നാൽ അത് തർക്കങ്ങൾക്ക് വഴിവെയ്ക്കും. കേരളത്തിൽ നിന്നും ദേശീയ സെക്രട്ടറിയേറ്റിലേക്ക് പി സന്തോഷ് കുമാറിന്‍റെയും കെ പ്രകാശ് ബാബുവിനെയ്യും പേരുകൾ ആണ് ചർച്ചയിൽ. ദേശീയ നിർവാഹക സമിതിയിലേക്ക് കെ രാജൻ, പിപി സുനീർ എന്നിവരുടെയും പേരുകൾ പരിഗണനയിലുണ്ട്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു