ലേഖനം എഴുതാൻ ആര് അനുമതി നൽകി ? കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറി അല്ല: തുറന്നടിച്ച് സിപിഐ

By Web TeamFirst Published Nov 5, 2019, 10:18 AM IST
Highlights

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവയ്പ്പിനെ ന്യായീകരിച്ച ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ നിലപാടിനെതിരെയാണ് സിപിഐയുടെ അതിരൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ ന്യായീകരിച്ച ചീഫ് സെക്രട്ടറിക്കെതിരെ സിപിഐ. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ല. ആരാണ് ലേഖനമെഴുതാൻ ചീഫ് സെക്രട്ടറിക്ക് അധികാരം നൽകിയതെന്ന് ചോദിച്ച സിപിഐ സംഘം ഉദ്യോഗസ്ഥരെ തിരുത്താൻ രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടു, പാര്‍ട്ടി നിയോഗിച്ച കമ്മീഷൻ എന്ന നിലയിൽ മഞ്ചിക്കണ്ടി ആക്രമണത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നൽകിയ ശേഷമാണ് സിപിഐ അന്വേഷണ സംഘത്തിന്‍റെ പ്രതികരണം. 

ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതൃത്വത്തിന്  മേലെ പ്രവർത്തിക്കുന്ന അവസ്ഥമാണ് ഇപ്പോഴുള്ളതെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു ആരോപിച്ചു.  മാവോയിസ്റ്റുകൾ തീവ്രവാദികൾ തന്നെയാണെന്നും ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ചീഫ് സെക്രട്ടറി ടോം ജോസ് അഭിപ്രായപ്പെട്ടത്. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട വലിയ വിവാദമായ സാഹചര്യത്തിൽ കൂടിയാണ് ചീഫ് സെക്രട്ടറി ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ ലേഖനമെഴുതിയത്. മാവോയിസ്റ്റ് രീതികളെ ന്യായീകരിക്കാനാകില്ലെന്നും ചീഫ് സെക്രട്ടറി ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. 

പൊലീസ് നടപടികളിൽ അടക്കം നിലനിൽക്കുന്ന ദുരൂഹതകൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് സിപിഐ സംഘം പറയുന്നത് . നിയമസഭാ നടപടികൾ നടക്കുന്നതിനിടെ പൊലീസിന്‍റെ നിലപാടുകൾ നാണക്കേട് ഉണ്ടാക്കി. എന്തെങ്കിലും സ്വാധീനം പൊലീസിന് മേൽ ഉണ്ടായോ എന്ന അന്വേഷിക്കണമെന്നും സിപിഐ നേതാക്കൾ ആവശ്യപ്പെട്ടു, 

click me!