അട്ടപ്പാടി മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടൽ തന്നെ എന്ന് സിപിഐ: റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

By Web TeamFirst Published Nov 5, 2019, 9:42 AM IST
Highlights

പി പ്രസാദ്, മുഹമ്മദ് മുഹസിൻ, പ്രകാശ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോർട്ട് നിയമസഭയിലെത്തി മുഖ്യമന്ത്രിക്ക് കൈമാറിയത്

തിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവെയ്പ്പ് വ്യാജ ഏറ്റുമുട്ടൽ തന്നെയാണെന്ന് ആവര്‍ത്തിച്ച് സിപിഐ. മഞ്ചിക്കണ്ടിയിൽ നടന്ന ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ പാര്‍ട്ടി നിയോഗിച്ച സമിതി അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പി പ്രസാദ്, മുഹമ്മദ് മുഹസിൻ, പ്രകാശ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോർട്ട് നിയമസഭയിലെത്തി മുഖ്യമന്ത്രിക്ക് കൈമാറിയത്. സംഭവത്തെ കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം വേണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിൽ സിപിഐ ആവശ്യപ്പെടുന്നത്. 

മഞ്ചിക്കണ്ടി സന്ദര്‍ശിച്ച സംഘം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് കൈമാറിയിരുന്നു. കാനം രാജേന്ദ്രൻ തന്നെ മുഖ്യമന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് കൈമാറിയേക്കും എന്നും വാര്‍ത്തകളുണ്ടായിരുന്നു. സ്ഥലം സന്ദര്‍ശിക്കാൻ നിയോഗിച്ച പ്രതിനിധികൾ തന്നെയാണ് അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറിയത്. 

മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കാൻ ആരും മുതിരേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു. മഞ്ചിക്കണ്ടിയിൽ പൊലീസ് നടപടിയെ മുഖ്യമന്ത്രി ആവര്‍ത്തിച്ച് ന്യായീകരിക്കുന്നതിനിടയാണ് വ്യാജ ഏറ്റുമുട്ടൽ തന്നെയാണ് നടന്നതെന്ന നിലപാടിൽ സിപിഐ ഉറച്ച് നിൽക്കുന്നത്. 

പൊലീസ് ഏകപക്ഷീയമായാണ് വെടിയുതിര്‍ത്തത്. വെടിവയ്പ്പിൽ മരിച്ച മണിവാസകം എന്ന മാവോയിസ്റ്റിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റുകൾക്ക് നേരെയാണ് പൊലീസ് വെടിയുതിര്‍ത്തതെന്ന പ്രദേശവാസികളുടെ വെളിപ്പെടുത്തൽ അടക്കം പൊലീസ് നടപടിയെ പൂര്‍ണ്ണമായും തള്ളിയാണ് സിപിഐ സംഘത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് എന്നതും ശ്രദ്ധേയമാണ്. 

click me!