Latest Videos

പമ്പയിലെ മണലെടുപ്പിൽ സിപിഎം-സിപിഐ പോര് മുറുകുന്നു: കളക്ടർക്കെതിരെ സിപിഐ

By Web TeamFirst Published Jun 5, 2020, 1:21 PM IST
Highlights

അതേസമയം വിവാദങ്ങൾക്കിടെ പമ്പാ ത്രിവേണിയിലെ മണൽ പത്തനംതിട്ട ജില്ലാ ഭരണകൂടം നേരിട്ട് മാറ്റാൻ നടപടി തുടങ്ങി. വനം വകുപ്പ് നിർദ്ദേശം പാലിച്ച് മാറ്റുന്ന മണലുകൾ തൽക്കാലം വനാതിർത്തിക്ക് പുറത്തേക്ക് കൊണ്ടുപോകില്ല. 

പത്തനംതിട്ട: പമ്പ നദിയിലെ മണലെടുപ്പുമായി ബന്ധപ്പെട്ടെ തർക്കത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. മണൽ കൊണ്ടു പോകാൻ വനംവകുപ്പിൻ്റെ അനുമതി ആവശ്യമാണെന്നും മണൽ എടുത്തു വിൽക്കാൻ ഉത്തരവിട്ട പത്തനംതിട്ട ജില്ലാ കളക്ടർക്ക് തെറ്റു പറ്റിയെന്നും സിപിഐ അസി.സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. 

അതേസമയം വിവാദങ്ങൾക്കിടെ പമ്പാ ത്രിവേണിയിലെ മണൽ പത്തനംതിട്ട ജില്ലാ ഭരണകൂടം നേരിട്ട് മാറ്റാൻ നടപടി തുടങ്ങി. വനം വകുപ്പ് നിർദ്ദേശം പാലിച്ച് മാറ്റുന്ന മണലുകൾ തൽക്കാലം വനാതിർത്തിക്ക് പുറത്തേക്ക് കൊണ്ടുപോകില്ല. മണൽ മാറ്റാൻ വനംവകുപ്പിൻറെ അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രിക്ക് പിന്നാലെ വ്യവസായമന്ത്രിയും പറഞ്ഞു. അനുമതി വേണമെന്ന നിലപാടിൽ തന്നെയാണ് വനംവകുപ്പ്.

വനംവകുപ്പിൻറെ അനുമതിയില്ലാതെ മണൽ കൊണ്ട്പോകാനാകില്ലെന്ന വനമന്ത്രിയുടെ നിലപാട് ഇന്നലെ മുഖ്യമന്ത്രി പരസ്യമായി തള്ളിയിരുന്നു. വനംവകുപ്പ് കടുപ്പിച്ചതോടെ മണലെടുത്ത ക്ലേസ് ആൻറ് സെറാമിക്സ് പിന്മാറി. മുഖ്യമന്ത്രിയും വനംവകുപ്പ് രണ്ട് തട്ടിൽ നിൽക്കെ പത്തനംതിട്ട ജില്ലാഭരണകൂടം ഇപ്പോൾ വനംവകുപ്പ് നിർദ്ദേശം പാലിച്ചാണ് നേരിട്ട് മണലെടുക്കുന്നത്. 

ദുരന്തനിവാരണ അതോറിറ്റി ഫണ്ട് ഉപയോഗിച്ച് എടുക്കുന്ന മണൽ ചക്കുപാലം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള സ്ഥലത്ത് സംഭരിക്കുന്നു. എടുക്കുന്ന മണൽ വനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി വേണമെന്ന നിലപാടിൽ വനംവകുപ്പ് ഉറച്ചുനിൽക്കുകയാണ്. പക്ഷെ വനംവകുപ്പിനെ വ്യവസായമന്ത്രിയും തള്ളി.

ദുരന്ത നിവാരണ നിയമപ്രകാരം പ്രളയത്തിന് മുന്നോടിയായി നദികളിൽ നിന്നും മണലെടുക്കാനും അത് മാറ്റാനും ജില്ലാ കലക്ടർമാർക്ക് അധികാരമുണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ആദ്യം മണലെടുത്ത ശേഷം  തുടർനടപടികൾ നേരിട്ട് തീരുമാനിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിൻറെ നീക്കം.അതിൻ്റെ ഭാഗമായി മണലെടുപ്പിൻറെ ഫയലുകൾ വിളിപ്പിച്ചു. 

ക്ലേസ് ആൻറ് സെറാമിക്സിന് മണലെടുക്കാൻ അനുവാദം നൽകിയത് മുൻ ചീഫ് സെക്രട്ടരി ടോം ജോസ് ഇടപെട്ടെന്നായിരുന്നു പ്രതിപക്ഷനേതാവിൻറെ ആക്ഷപം. എന്തായാലും പ്രതിപക്ഷം അഴിമതി ആരോപിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസും വനംവകുപ്പും തമ്മിലെ ഭിന്നത സർക്കാറിനെ  കടുത്ത സമ്മർദ്ദത്തിലാക്കുകയാണ്. 

click me!