വിവാദമൊഴിയാതെ പമ്പയിലെ മണലെടുപ്പ്: മണല്‍ പുറത്തേക്ക് കൊണ്ടുപോകില്ലെന്ന് വനംവകുപ്പ്

By Web TeamFirst Published Jun 5, 2020, 12:21 PM IST
Highlights

ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം മണലെടുക്കാമെന്നും എന്നാൽ മണൽ വനത്തിൽ തന്നെ നിക്ഷേപിക്കണമെന്നും വനംവകുപ്പ്.

തിരുവനന്തപുരം: പമ്പയിൽ നിന്ന് എടുക്കുന്ന മണല്‍ പുറത്തേക്ക് കൊണ്ടുപോകില്ലെന്ന് വനംവകുപ്പ് മന്ത്രി കെ രാജു. മണല്‍ എവിടെ നിക്ഷേപിക്കണമെന്ന് വനംവകുപ്പ് നിര്‍ദ്ദേശിക്കും എന്നും മന്ത്രി പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം മണലെടുക്കാമെന്നും എന്നാൽ മണൽ വനത്തിൽ തന്നെ നിക്ഷേപിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

വിവാദങ്ങൾക്കിടെ, ഇന്നലെ പമ്പാ ത്രിവേണിയിലെ മണൽ പത്തനംതിട്ട ജില്ലാ ഭരണകൂടം നേരിട്ട് മാറ്റാൻ നടപടി തുടങ്ങി. വനം വകുപ്പ് നിർദ്ദേശം പാലിച്ച് മാറ്റുന്ന മണലുകൾ തൽക്കാലം വനാതിർത്തിക്ക് പുറത്തേക്ക് കൊണ്ടുപോകില്ല. മണൽ മാറ്റാൻ വനംവകുപ്പിന്‍റെ അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രിക്ക് പിന്നാലെ വ്യവസായമന്ത്രിയും പറഞ്ഞിരുന്നു. എന്നാല്‍, അനുമതി വേണമെന്ന നിലപാടിൽ തന്നെയാണ് വനംവകുപ്പ് സ്വീകരിച്ചത്.

വനംവകുപ്പിന്‍റെ അനുമതിയില്ലാതെ മണൽ കൊണ്ട് പോകാനാകില്ലെന്ന വനമന്ത്രിയുടെ നിലപാട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരസ്യമായി തള്ളിയിരുന്നു. വനംവകുപ്പ് കടുപ്പിച്ചതോടെ മണലെടുത്ത ക്ലേസ് ആൻറ് സെറാമിക്സ് പിന്മാറി. മുഖ്യമന്ത്രിയും വനംവകുപ്പ് രണ്ട് തട്ടിൽ നിൽക്കെ പത്തനംതിട്ട ജില്ലാഭരണകൂടം ഇപ്പോൾ വനംവകുപ്പ് നിർദ്ദേശം പാലിച്ചാണ് നേരിട്ട് മണലെടുക്കുന്നത്. ദുരന്തനിവാരണ അതോറിറ്റി ഫണ്ട് ഉപയോഗിച്ച് എടുക്കുന്ന മണൽ ചക്കുപാലം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള സ്ഥലത്താണ് സംഭരിക്കുന്നത്. 

click me!