പ്രതിപക്ഷ ഉപനേതൃപദവി വേണം, പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല, ഉറച്ച് സിപിഐ

Published : Jun 04, 2026, 09:08 AM IST
CPM CPI dispute

Synopsis

നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു.  

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി പി എമ്മും സി പി ഐയും തമ്മിലെ തർക്കം കടുക്കുന്നു. പ്രതിപക്ഷ നിരയിൽ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ സി. പി. ഐ ഉപനേതൃപദവി വേണമെന്ന കടുംപിടിത്തം തുടരുകയാണ്. വിട്ടുവീഴ്ച്ച ആവശ്യമില്ലെന്നും, പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നുമാണ് സി പി ഐ നിലപാട്. 

പ്രതിപക്ഷ ഉപനേതൃപദവി നൽകാനാവില്ലെന്ന നിലപാടിലാണ് സി. പി. എം. ഇടതുമുന്നണി പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം ഉപനേതാവ് പദവി വഹിച്ചിരുന്നത് സി പി എം തന്നെയാണെന്നുള്ള കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് സി.പി.എം നിലപാട് കടുപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുപാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

പ്രതിസന്ധി പരിഹരിക്കാൻ സി പി ഐ, സി പി എം ദേശീയ നേതൃത്വങ്ങളുടെ ഇടപെടലിനും ശ്രമിക്കുന്നുണ്ട്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായി സംസാരിക്കും. സംസ്ഥാനത്തെ തർക്കം മുന്നണി ബന്ധത്തെ ബാധിക്കാതിരിക്കാൻ ദേശീയ തലത്തിൽ സമവായമുണ്ടാക്കാനാണ് ഇരുനേതാക്കളും ശ്രമിക്കുന്നത്. വിഷയം ചർച്ച ചെയ്യുന്നതിനായി ഇന്ന് നിർണായകമായ സിപിഐ നേതൃയോഗം ചേരും.

മുന്നണിയിൽ ധാരണയാകും മുമ്പ് ഉപനേതൃപദവി പരസ്യമായി ആവശ്യപ്പെട്ട ബിനോയ് വിശ്വത്തിന്റെ നടപടിയിൽ സിപിഐയിൽ അമർഷമുണ്ട്. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരുന്ന് പ്രതിഷേധം അറിയിക്കണമെന്നാണ് ഒരു വിഭാഗത്തിൻ്റെ നിലപാട്. മുന്നണി ഐക്യം കൂടി കണക്കിലെടുക്കണമെന്ന് ആവശ്യവും സിപിഐയിൽ ഉണ്ട്. പദവി ലഭിച്ചില്ലെങ്കിൽ എൽഡിഎഫിന്റെ പാർലമെന്ററി പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മറ്റ് ഔദ്യോഗിക ചുമതലകൾ ബഹിഷ്കരിക്കാനും സിപിഐ ആലോചിക്കുന്നുണ്ട്. ഇന്നത്തെ നേതൃയോഗത്തിന് ശേഷമായിരിക്കും സിപിഐ തങ്ങളുടെ അന്തിമ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നവീൻ ബാബുവിന്റെ മരണം; കേസന്വേഷണം സിബിഐക്ക് വിട്ടു, മകൾക്ക് ആശ്രിത നിയമനം നല്‍കും
ബദൽ ധവളപത്രത്തിന് എൽഡിഎഫ് നീക്കം; തീരുമാനം സർക്കാരിന്‍റെ ധവളപത്രത്തിലെ കണക്കുകൾ പരിശോധിച്ച ശേഷം