കെഎസ്ആർടിസി പ്രതിസന്ധി: 'ജോലി ചെയ്താൽ ശമ്പളം കൊടുക്കണം, കൂപ്പണോ റേഷനോ അല്ല നൽകേണ്ടത്'; വിമർശനവുമായി കാനം

By Web TeamFirst Published Sep 2, 2022, 3:16 PM IST
Highlights

ജോലി ചെയ്തിട്ട് ശമ്പളം കൊടുക്കാതിരിക്കുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് കാനം

കണ്ണൂർ: ശമ്പള പ്രതിസന്ധിയിൽ കെഎസ്ആർടിസിയെ  വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോലി ചെയ്തിട്ട് ശമ്പളം കൊടുക്കാതിരിക്കുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് കാനം കണ്ണൂരിൽ ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് കാനത്തിന്റെ പ്രതികരണം. ജോലി ചെയ്താൽ കൂലി കൊടുക്കണം. അതാര് കൊടുക്കണമെന്ന് മാനേജ്മെൻറും ഗവൺമെന്റും തീരുമാനിക്കണം. അതല്ലാതെ കൂപ്പൺ കൊടുക്കുന്നതോ റേഷൻ കൊടുക്കുന്നതോ ശരിയായ നിലപാടല്ല എന്നും കാനം രാജേന്ദ്രൻ പറഞ്ഞു. 

കെഎസ്ആർടിസിയിലെ '12 മണിക്കൂർ തൊഴിൽ സമയം' സിപിഐ ചർച്ച ചെയ്തിട്ടില്ല.എല്ലാ ട്രേഡ് യൂണിയനുകളും ഈ നീക്കത്തിനെതിരാണ്. സിപിഐക്കും അതേ നിലപാട് തന്നെയാണ്. തിങ്കളാഴ്ച അംഗീകൃത സംഘടനകളുമായി നടക്കുന്ന ചർച്ചയ്ക്ക് ശേഷം ഈ വിഷയത്തിലെ സിപിഐ നിലപാട് പറയാമെന്നും കാനം രാജേന്ദ്രൻ പറ‌ഞ്ഞു. 

കെഎസ്ആര്‍ടിസി ശമ്പള കുടിശ്ശിക; വൗച്ചറുകളും കൂപ്പണും ആറാം തീയതിക്ക് മുമ്പ് നൽകണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണും ആറാം തീയതിക്ക് മുമ്പ് നൽകണമെന്ന് ഹൈക്കോടതി. ഉത്തരവിന്‍റെ ഭാഗമായാണ് ഇക്കാര്യം ഉൾപെടുത്തിയത്. കൂപ്പണുകളും വൗച്ചറുകളും സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിർത്തനും കോടതി നിർദ്ദേശം നല്‍കി. 

അതേസമയം, കെഎസ്ആ‍ർടിസിയിൽ ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയുടെ മൂന്നിലൊന്ന് വീതം നൽകാൻ  നിർദ്ദേശിച്ചു. സെപ്തംബർ 6ന് മുമ്പ് ഈ തുക കൈമാറാനും കോടതി നിർദേശിച്ചു. സെപ്തംബർ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നത്. എന്നാല്‍, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയല്ലെന്ന് അപ്പീലിൽ സർക്കാർ കോടതിയെ അറിയിച്ചു.

 

click me!