Asianet News MalayalamAsianet News Malayalam

കെഎസ്ആര്‍ടിസി ശമ്പള കുടിശ്ശിക; വൗച്ചറുകളും കൂപ്പണും ആറാം തീയതിക്ക് മുമ്പ് നൽകണമെന്ന് ഹൈക്കോടതി

കൂപ്പണുകളും വൗച്ചറുകളും സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിർത്തനും കോടതി നിർദ്ദേശം നല്‍കി. ശമ്പളം മൂന്നിൽ ഒരു ഭാഗം നൽകാനാണ് കോടതി ഉത്തരവ്.

High Court says vouchers and coupons can be given to KSRTC employees on salary arrears
Author
First Published Sep 2, 2022, 1:22 PM IST

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണും ആറാം തീയതിക്ക് മുമ്പ് നൽകണമെന്ന് ഹൈക്കോടതി. ഉത്തരവിന്‍റെ ഭാഗമായാണ് ഇക്കാര്യം ഉൾപെടുത്തിയത്. കൂപ്പണുകളും വൗച്ചറുകളും സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിർത്തനും കോടതി നിർദ്ദേശം നല്‍കി. ശമ്പളം മൂന്നിൽ ഒരു ഭാഗം നൽകാനാണ് കോടതി ഉത്തരവ്. സർക്കാർ ഇതിനായി 50 കോടി ഉടൻ നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ശമ്പള കുടിശ്ശികയ്ക്ക് പകരം കെഎസ്ആ‍ർടിസി ജീവനക്കാർക്ക് സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളുടെ കൂപ്പണുകൾ നൽകാകുമോ എന്ന് സർക്കാരിനോട് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. കെഎസ്ആർടിസിക്ക് 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഈ നി‍ർദേശം വച്ചത്. ഇതിന് പിന്നാലെയാണ് കോടതി ഉത്തരവ്. എന്നാൽ കൂപ്പണുകൾ നൽകാമെന്ന നിർദേശത്തെ ജീവനക്കാർ എതിർത്തു. കുടിശ്ശികയുള്ള ശമ്പളത്തിന് പകരം കൂപ്പണുകൾ ആവശ്യമില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി. 

അതേസമയം, കെഎസ്ആ‍ർടിസിയിൽ ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയുടെ മൂന്നിലൊന്ന് വീതം നൽകാൻ  നിർദ്ദേശിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീൽ നൽകിയത്. സെപ്തംബർ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നത്. എന്നാല്‍, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയല്ലെന്ന് അപ്പീലിൽ സർക്കാർ കോടതിയെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios