
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിലേക്കെന്ന് സിപിഎം. വിപണിയിൽ വിലക്കയറ്റം രൂക്ഷമായിട്ടും യുഡിഎഫ് സർക്കാർ നിശ്ചയിച്ച തുച്ഛമായ തുകയ്ക്ക് പാൽ നൽകാൻ വിതരണക്കാർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ അശാസ്ത്രീയമായ നിരക്കുകൾ കാരണം അങ്കണവാടികളിൽ പട്ടിണിപ്പൂട്ട് വീഴുന്ന അവസ്ഥയാണെന്ന് സിപിഎം കുറ്റപ്പെടുത്തി.
ഒരു ലിറ്റർ പാലിന് വെറും 60 രൂപ മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. എന്നാൽ മിൽമയടക്കം പാലിന് വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഈ തുകയ്ക്ക് അങ്കണവാടികളിൽ പാൽ എത്തിക്കുക എന്നത് പൂർണ്ണമായും അസാധ്യമാണ്. ഇതോടൊപ്പം ഗതാഗതച്ചെലവ് കൂടിയായതോടെ ഗ്രാമീണ മേഖലകളിൽ ഈ നിരക്കിൽ പാൽ നൽകിയാൽ വലിയ നഷ്ടമുണ്ടാകുമെന്ന് ക്ഷീരസംഘങ്ങളും പ്രാദേശിക വ്യാപാരികളും വ്യക്തമാക്കുന്നു. പല ഉൾപ്രദേശങ്ങളിലും പാൽ എത്തിക്കണമെങ്കിൽ ലിറ്ററിന് 65 മുതൽ 70 രൂപ വരെ ചെലവ് വരും. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും അങ്കണവാടികളിലേക്കുള്ള പാൽ വിതരണ ടെൻഡർ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാത്ത അവസ്ഥയാണ്.
സർക്കാരിന്റെ ഈ കടുംപിടുത്തം നേരിട്ട് ബാധിക്കുന്നത് സാധാരണക്കാരായ കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയാണെന്ന് സിപിഎം ചൂണ്ടിക്കാണിക്കുന്നു. വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് ലഭിക്കേണ്ട കൃത്യമായ പോഷകാഹാരമാണ് ഇതുവഴി മുടങ്ങുന്നത്. നിലവിൽ പലയിടങ്ങളിലും അങ്കണവാടി ജീവനക്കാർ സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയാണ് വിതരണം താൽക്കാലികമായി മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ പാലിന്റെയും മുട്ടയുടെയും നിരക്ക് അടിയന്തരമായി പുതുക്കി നിശ്ചയിച്ച് അങ്കണവാടികളിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam