സഹപ്രവത്തകരിൽനിന്ന് പണം തട്ടിയ പൊലീസുകാരൻ പിടിയിലായി. ശംഭു ആർ കൃഷ്‌ണൻ ആണ് അറസ്റ്റിലായത്. കെഎപി മൂന്നാം ബറ്റാലിയനിലെ ട്രെയിനി പൊലീസുകാരനാണ് ശംഭു ആർ കൃഷ്‌ണൻ.
തിരുവനന്തപുരം: സഹപ്രവത്തകരിൽനിന്ന് പണം തട്ടിയ പൊലീസുകാരൻ പിടിയിൽ. കെഎപി മൂന്നാം ബറ്റാലിയനിലെ (പത്തനംതിട്ട) ട്രെയിനി പൊലീസുകാരനായ ശംഭു ആർ കൃഷ്‌ണൻ ആണ് അറസ്റ്റിലായത്. യൂണിഫോമിനായി സഹ പൊലീസുകാർ നൽകിയ പണം തട്ടിയെടുത്ത സംഭവത്തിലാണ് നടപടി. തട്ടിപ്പിൽ ശംഭുവിനെതിരെ പേരൂർക്കട പൊലീസ് കേസെടുത്തിരുന്നു.
ഏഴംഗ യൂണിഫോം കമ്മിറ്റിയിലെ അംഗമായ ശംഭു, യൂണിഫോം സാമഗ്രികൾക്കും തയ്യലിനുമായി സഹപ്രവർത്തകർ നൽകിയ ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് പണം ഉപയോഗിച്ച് ഓൺലൈൻ റമ്മി കളിച്ചു.
ജൂലൈ മാസമാണ് ശംഭുവുമായി ബന്ധമുള്ള അക്കൗണ്ടിലേക്ക് ട്രെയിനി പൊലീസുകാർ പണം നിക്ഷേപിച്ചത്. 7,18,320 രൂപയാണ് പിരിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. പേരൂർക്കട എസ്എപി ബറ്റാലിയനിലെ കമാൻഡിങ് ഓഫീസർ മുജീബ് റഹ്മാൻ്റെ പരാതിയിലാണ് പൊലീസ് ശംഭുവിനെതിരെ കേസെടുത്തത്. ബിഎൻഎസ് 318 (4) വകുപ്പ് ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്.


