
ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൻ്റെ രണ്ടാം ദിവസത്തിലും സർക്കാരിനെതിരെ പരാതിപ്രളയം. അഭ്യന്തര വകുപ്പടക്കം വിവിധ വകുപ്പുകൾക്കെതിരെ പ്രതിനിധികൾ ഇന്നും രൂക്ഷവിമർശനം ഉയർത്തി. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ പ്രവർത്തനം പോരെന്നും അഭിപ്രായമുയർന്നു. അതേസമയം ആഭ്യന്തരവകുപ്പിനെതിരെ ഉയർന്ന പരാതികളും വിമർശനങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പരിഹാരം കാണുമെന്നും സമ്മേളനത്തിൽ പ്രതിനിധികൾക്ക് മറുപടി പറഞ്ഞ കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. വിവിധ ജില്ലാ സമ്മേളനങ്ങളിൽ അഭ്യന്തര വകുപ്പിനെതിരെ തുടർച്ചയായി പരാതികളുംവിമർശനവും ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ പാർട്ടി ഇടപെടുന്നുവെന്ന് കോടിയേരി പാർട്ടി വേദിയിൽ തന്നെ വ്യക്തമാക്കിയത്.
അതേസമയം സിപിഎം ഇടുക്കി സമ്മേളനത്തിൽ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഇത്തവണത്തെ മന്ത്രിമാർ മോശമാണെന്ന് ഒരു പ്രതിനിധി സമ്മേളനത്തിൽ തുറന്നടിച്ചു. കഴിഞ്ഞ സർക്കാരിൽ ഒന്നിനൊന്ന മെച്ചപ്പെട്ട മന്ത്രിമാരെ ആയിരുന്നു ലഭിച്ചത്. എന്നാൽ ഇത്തവണ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് മന്ത്രിമാർ എത്തിയില്ലെന്നായിരുന്നു സമ്മേളനത്തിലെ പ്രതിനിധികളുടെ വിമർശനം.
സിപിഐക്കെതിരെയും കാര്യമായ വിമർശനം സമ്മേളനത്തിൽ ഉയർന്നു. സിപിഐ കൂറുമുന്നണിയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സിപിഐക്ക് ബിജെപിയുടെ സ്വരമാണെന്നും പ്രതിനിധികൾ ആരോപിച്ചു. ലൈഫ് പദ്ധതി ആട്ടിമറിക്കാൻ റവന്യൂ, കൃഷി വകുപ്പുകൾ ശ്രമിക്കുകയാണെന്നും വിമർശനമുയർന്നു. വനംവകുപ്പിനെതിരേയും ചില പ്രതിനിധികൾ സമ്മേളനത്തിൽ വിമർശനം ഉയർത്തി. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ബന്ധം മൃഗങ്ങളുമായാണെന്നും അതിനാലാണ് ചില ഉദ്യോഗസ്ഥർ മൃഗങ്ങളെ പോലെ പെരുമാറുന്നതെന്നുമായിരുന്നു ഇതിനുള്ള കോടിയേരിയുടെ മറുപടി.
കേരള കോൺഗ്രസ് ബന്ധം വഴി വോട്ട് വിഹിതം വർധിപ്പിക്കാൻ ആയില്ലെന്ന് നിരീക്ഷണം ചില പ്രതിനിധികൾ മുന്നോട്ട് വച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹകരിക്കാതിരുന്ന എസ്.രാജേന്ദ്രനെതിരെ മനപൂർവ്വം നടപടി വൈകിപ്പിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി സമ്മേളനത്തിൽ വിശദീകരിച്ചു. സമ്മേളനകാലം ആയതിനാലാണ് നടപടി ക്രമങ്ങൾ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam