
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ മികച്ച ഉപന്യാസത്തിനുള്ള എൻഡോവ്മെൻ്റ് നിരസിച്ച് എം സ്വരാജ്. പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും ഈ പുരസ്കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്ന് മുഴുവൻ പാർട്ടി യോഗത്തിലായതിനാൽ ഇപ്പോഴാണ് അവാർഡ് വിവരം അറിഞ്ഞതെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്കിലാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
ഉപന്യാസം വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ എൻഡോവ്മെന്റ് അവാർഡാണ് സ്വരാജിന് ലഭിച്ചത്. പതിനായിരം രൂപയാണ് സമ്മാനത്തുക. ഇന്ന് വൈകിട്ടാണ് സാഹിത്യ അക്കാദമിയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
പ്രതികരണം ഇങ്ങനെ
കേരള സാഹിത്യ അക്കാദമിയുടെ ഒരു അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു. ഇന്ന് മുഴുവൻ സമയവും പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആയിരുന്നതിനാൽ ഇപ്പോൾ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണ്. മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാൽ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല. ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നത്. പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുന്നു. അക്കാദമിയോട് ബഹുമാനം മാത്രം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam