
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ സർക്കാരിന് ഒരു പ്രതിസന്ധിയുമില്ലെന്ന് മന്ത്രി പി രാജീവ്. ഈ അസംബന്ധങ്ങൾ കേരളീയ സമൂഹം വിശ്വസിക്കില്ലെന്നും പി രാജീവ് പറഞ്ഞു. 99 സീറ്റോടെ അധികാരത്തിൽ വന്ന സർക്കാർ വികസന പ്രവർത്തനങ്ങളുമായി അതിവേഗത്തിൽ മുന്നോട്ട് പോകുകയാണ്. അരാചകത്വം സൃഷ്ടിച്ച് ഭരണത്തെ അട്ടിമറിക്കാനാണ് നീക്കമെന്നും പി രാജീവ് ആരോപിച്ചു.
ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന, ജലീലിനെതിരെ ബെനാമി ആരോപണം
മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനും കെടി ജലീലിനുമെതിരെ ഗുരുത ആരോപണവുമായി സ്വപ്ന സുരേഷിന്‍റെ സത്യവാങ്മൂലം.യുഎഇ യിൽ സുഹൃത്തുക്കൾ നടത്തുന്ന കോളേജിന് ഷാർജയിൽ ഭൂമി ലഭ്യമാക്കാൻ പി ശ്രീരാമകൃഷണൻ ഇടപെട്ടെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഷാർജ ഭരണാധികാരിയുമായുള്ള കൂടികാഴ്ചയ്ക്ക് അവസരം ഒരുക്കിയതിന് കോൺസുൽ ജനറലിന് കൈക്കൂലി നൽകിയതായും സ്വപ്നയുടെ സത്യാവാങ്മൂലത്തിലുണ്ട്. മുംബൈ ആസ്ഥാനമായ പ്രവർത്തിക്കുന്ന ഫ്ലൈ ജാക്ക് കമ്പനിയുടമ മാധവൻ വാര്യർ കെടി ജലീലിന്‍റെ ബെനാമി ആണെന്നും സത്യവാങ്മൂലത്തിലുണ്ട്.
പൊന്നാലി സ്വദേശികളായ ലഫീർ മുഹമ്മദും കിരണും നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ് കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ പി ശ്രീരാമകൃണൻ ഇടപെട്ടെന്നും ഷാർജ ഭരണാധികാരിയുമായുള്ള കൂടികാഴ്ചയ്ക്ക് അവസരം ഒരുക്കാൻ ശ്രീരാമകൃഷ്ണൻ തന്നോട് ആവശ്യപ്പെട്ടെന്നുമാണ് സ്വപ്ന സുരേഷിന്‍റെ സത്യാവാങ്മൂലം. കോൺസുലേറ്റ് ജനറലിന്‍റെ സഹായത്തോടെ ഷാർജയിലായിരുന്നു കൂടികാഴ്ച ഇടപാടുകൾക്ക് സഹായം ചെയ്യ്തതിന് കോൺസുൽ ജനറലിന് ശ്രീരാമകൃഷ്ണൻ ഒരു ബാഗിൽ പണം കൈക്കൂലിയായി നൽകിയെന്നും പണം കൊണ്ടുവന്ന ബാഗാണ് സരിത്തിന്‍റെ വീട്ടിൽ നിന്ന് കസ്റ്റംസ് കണ്ടെടുത്തെന്നാണ് ആരോപണം. മുൻ മന്ത്രി കെ ടി ജലീലിനെതിരെയും സത്യവാങ്മൂലത്തിൽ ബെനാമി ആരോപണമുണ്ട്.
മുംബൈയിൽ ഫ്ലൈ ജാക്ക് ലോജിസ്റ്റിക് എന്ന സ്ഥാപനം നടത്തുന്ന മാധവൻ വാര്യർ കെ ടി ജലീലിന്‍റെ ബെനാമിയാണ്. ബെനാമിയുടെ സഹായത്തോടെ സംസ്ഥാനത്തിന് പുറത്തെ കോൺസുലേറ്റ് വഴി ഖുറാൻ അടക്കമുള്ള വസ്തുക്കൾ എത്തിച്ചിട്ടുണ്ട്. മാധവൻ വാര്യരുടെ സഹായത്തോടെ തിരുവനന്തപുരം കോൺസുലേറ്റ് വഴി കൂടുതൽ സാധനങ്ങളെത്തിക്കാൻ കെ ടി ജലീൽ കോൺസുലൽ ജനറലിന്‍റെ സഹായം തേടിയിരുന്നു. ഇക്കാര്യം തന്നോടെ കോൺസുൽ ജനറൽ വെളിപ്പടുത്തിയിരുന്നതായും സ്വപ്ന സുരേഷിന്‍റെ സത്യവാങ്മൂലത്തിലുണ്ട്. ഷാർജ ഭരണാധികാരിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി നൽകിയ ഡി ലിറ്റ് ബിരുദത്തിന് കെടി ജലീൽ ചട്ടം ലംഘിച്ച് ഇടപെട്ടതിന്‍റെ വിശദാസംങ്ങളും സത്യവാങ്മൂലത്തിലുണ്ട്.