ബിജെപി മുന്നേറ്റം ഗൗരവത്തോടെ കണ്ട് സിപിഎം, മുന്നാക്ക വോട്ടുകൾ നിലനിർത്താൻ നീക്കം

Published : Jan 03, 2021, 07:21 AM IST
ബിജെപി മുന്നേറ്റം ഗൗരവത്തോടെ കണ്ട് സിപിഎം, മുന്നാക്ക വോട്ടുകൾ നിലനിർത്താൻ നീക്കം

Synopsis

തദ്ദേശ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടുമ്പോഴും സിപിഎം ഗൗരവത്തോടെ കാണുന്നത് ഹൈന്ദവ വോട്ടുബാങ്കിൽ നേരിയതോതിലെങ്കിലും ഉണ്ടായ വിള്ളലാണ്. തെക്കൻ കേരളത്തിൽ ബിജെപിയുണ്ടാക്കിയ മുന്നേറ്റവും പഞ്ചായത്തുകളിൽ അക്കൗണ്ട് തുറന്നതും സിപിഎം അവഗണിക്കുന്നില്ല.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനത്തിൽ കാര്യമായ വർദ്ധനവില്ലെങ്കിലും ബിജെപിയുണ്ടാക്കിയ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം. നായർ വോട്ടുകളും, ബിഡിജെഎസ് വഴി ഈഴവസമുദായത്തിലെ വോട്ടുകളും ബിജെപിയുടെ വളർച്ചക്ക് ഗുണമാകുന്നുവെന്നാണ് സിപിഎം വിലയിരുത്തൽ. ക്രൈസ്തവ, മുസ്ലീം വിഭാഗങ്ങൾക്കിടയിൽ വിശ്വാസ്യതയാർജിക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞുവെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. സംസ്ഥാന സമിതി അംഗങ്ങളുടെ ചർച്ച ഇന്നും തുടരും.

തദ്ദേശ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടുമ്പോഴും സിപിഎം ഗൗരവത്തോടെ കാണുന്നത് ഹൈന്ദവ വോട്ടുബാങ്കിൽ നേരിയതോതിലെങ്കിലും ഉണ്ടായ വിള്ളലാണ്. തെക്കൻ കേരളത്തിൽ ബിജെപിയുണ്ടാക്കിയ മുന്നേറ്റവും പഞ്ചായത്തുകളിൽ അക്കൗണ്ട് തുറന്നതും സിപിഎം അവഗണിക്കുന്നില്ല. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനത്തിൽ കാര്യമായ വർദ്ധനവില്ല.

എന്നാൽ നായർ വോട്ടുകൾ കാര്യമായും അപ്രതീക്ഷിതമായി ഈഴവ വോട്ടുകളിൽ ചെറിയ ശതമാനം ബിജെപിയിലേക്ക് പോയതും സിപിഎം പരിശോധിക്കുന്നു. മുന്നോക്ക സംവരണം കൊണ്ടുവന്നപ്പോഴും ഇടഞ്ഞുനിൽക്കുന്ന എൻഎസ്എസ് സമീപനവും മുന്നാക്കക്കാരിലെ അടക്കം പുതിയ തലമുറ ബിജെപിയിലേക്ക് ആകർഷിതരാകുന്നതുമാണ് നിലവിലെ തടസ്സങ്ങൾ. ബിഡിജെഎസ് എന്ന പാലം ചെറിയ തോതിലെങ്കിലും ഈഴവ വോട്ടുകൾ സമാഹരിക്കാനും ബിജെപിക്ക് സഹായകമായി എന്ന് സിപിഎം വിലയിരുത്തുന്നു.

യുഡിഎഫിൽ നിന്നും പരമ്പരാഗത വോട്ടുകൾ അകലുന്നു. ക്രിസ്തീയ സഭകളും മുസ്ലീം വിഭാഗങ്ങളും പാർട്ടിയുമായി അടുത്തത് മധ്യതിരുവിതാംകൂറിലും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും തെരഞ്ഞെടുപ്പ് പ്രകടനം മെച്ചപ്പെടുത്തിയെന്നും സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച് തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

ജമാഅത്തെ ഇസ്ലാമി- എസ്ഡിപിഐ- യുഡിഎഫ് ധാരണകളെ ശക്തമായി എതിർത്തത് വഴി ക്രൈസ്തവ വോട്ടുബാങ്കിനെയും മുസ്ലീം സമുദായത്തിലെ പുരോഗമ വിഭാഗങ്ങളെയും സ്വാധീനിക്കാനായി. പൗരത്വ പ്രശ്നത്തിലെ സർക്കാർ നിലപാടുകളിലൂടെ പരമ്പരാഗത മുസ്ലീം വിഭാഗങ്ങളുടെ വിശ്വാസ്യത നേടാനായി എന്നും സിപിഎം വിലയിരുത്തി. 

ജില്ലകൾ തിരിച്ചുള്ള തെരഞ്ഞെടുപ്പ് റിപ്പോർട്ടും പ്രതിനിധികൾ സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചു. ഇന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ചർച്ചക്ക് ശേഷം റിപ്പോർട്ടിന് അംഗീകാരം നൽകും. സർക്കാരിന്‍റെ കൊവിഡ് കാലത്തെ ക്ഷേമ പദ്ധതികൾ തുടരാനുള്ള തീരുമാനം ഗുണം ചെയ്യുമെന്നും ജില്ലാകമ്മിറ്റികൾ അഭിപ്രായപ്പെട്ടു.

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു