ആവിക്കല്‍ സമരം: 'പിന്നില്‍ തീവ്രവാദ സംഘടനകള്‍', പിടിയിലായ 3 പേര്‍ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് പി മോഹനന്‍

Published : Jul 20, 2022, 01:34 PM ISTUpdated : Jul 20, 2022, 03:05 PM IST
ആവിക്കല്‍ സമരം: 'പിന്നില്‍ തീവ്രവാദ സംഘടനകള്‍', പിടിയിലായ 3 പേര്‍ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് പി മോഹനന്‍

Synopsis

പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരുമായി ഇനി ചര്‍ച്ചയില്ല. സാധാരണക്കാരെ കാര്യം ബോധിപ്പിക്കുമെന്നും പി മോഹനന്‍ പറഞ്ഞു.   

കോഴിക്കോട്: കോഴിക്കോട്: ആവിക്കൽ സമരത്തിന് പിന്നിൽ മത തീവ്രവാദികൾക്കൊപ്പം അർബന്‍ മാവോയിസ്റ്റുകളുമുണ്ടെന്ന് സിപിഎം. ആവിക്കലില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന മലിനജല സംസ്കരണ പ്ളാന്‍റിനെതിരായ സമരത്തിന് പിന്നിൽ തീവ്രവാദ സംഘടനകളെന്നായിരുന്നു മന്ത്രി എം വി ഗോവിന്ദന്‍റെ നിയമസഭയിലെ ആരോപണം. ഇതിന് പിന്നാലെയാണ് സമരത്തിന് പിന്നില്‍ അര്‍ബന്‍ മാവോയിസ്റ്റുകളെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തിയത്. ഇന്നലെ സമരപന്തലിന് സമീപത്ത് നിന്ന് മൂന്ന് പേരെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലായിരുന്നു ദേശീയ തലത്തില്‍ ബിജെപി ഉന്നയിച്ചുവരുന്ന അതേ പ്രയോഗം ഏറ്റെടുത്തുളള പി മോഹനന്‍റെ ആരോപണം. 

സമരസ്ഥലത്ത് നിന്ന് പിടികൂടിയ മൂന്ന് പേർക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നാണ് പൊലീസും പറയുന്നത്. എന്നാൽ മാലിന്യ പ്ലാന്‍റിനെതിരായ സമരം പൊളിക്കാൻ സിപിഎമ്മും പൊലീസും ചേർന്ന് നടത്തുന്ന നാടകമാണ് മാവോയിസ്റ്റ് ആരോപണമെന്നാണ് സമരസമിതി പറയുന്നത്. സമരസ്ഥലത്ത് നിന്ന് പിടികൂടിയവരെ അറിയില്ലെന്നും സമരസമിതി പറഞ്ഞു. സി പി നഹാസ്, ഷനീർ, ഭഗത് ദിൻ എന്നിവരെയാണ് വെള്ളയിൽ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. സമരസമിതി തങ്ങളെ ക്ഷണിച്ചിട്ടില്ല,  ചിത്രങ്ങൾ പകർത്താനും മറ്റുമായി എത്തിയതെന്നാണ് ഇവർ മൊഴി നൽകിയത്. മൂവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. 

ആവിക്കല്‍ തോടിലെ ജനവാസ മേഖലയില്‍ മലിനജല സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നതിനെതിരെ ഒരു മാസത്തോളമായി സമീപവാസികള്‍ സമരത്തിലാണ്. മണ്ണ് പരിശോധന ഉൾപ്പടെയുളള പ്രാഥമിക ജോലികള്‍ പ്രക്ഷോഭകരുടെ ചെറുത്ത് നില്‍പ്പിനിടെ പൂര്‍ത്തിയാക്കിയിരുന്നു. ഇനി ഉദ്യോഗസ്ഥരും തൊഴിലാളികളും പദ്ധതി പ്രദേശത്തേക്ക് നേരിട്ട് ഉടനെത്തില്ല. പ്ലാൻ തയ്യാറാക്കി നിർമാണഘട്ടത്തിലേക്ക് നീങ്ങാനുളള രേഖകള്‍ തയ്യാറാക്കുന്ന നടപടികളിലേക്ക് കോര്‍പറേഷന്‍ കടന്നു. സമാനമായ പദ്ധതി കോതിയിലും കോര്‍പറേഷൻ തുടങ്ങും. ഇതിന്‍റെ പ്രാരംഭ ജോലികൾ ഉടൻ തുടങ്ങാനിരിക്കുകയാണ്. എന്നാല്‍ ഇതുള്‍പ്പടെ കല്ലായി പുഴയോരത്ത് സ്ഥാപിക്കുന്ന പദ്ധതിക്കെതിരെയും ശക്തമായ പ്രതിഷേധം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. 

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'