ജന സാന്ദ്രത ഉള്ള ആവിക്കലിൽ തന്നെ പ്ലാന്‍റ് കൊണ്ട് വരാൻ സർക്കാർ എന്തിനു നിർബന്ധം പിടിക്കുന്നുവെന്ന് പ്രതിപക്ഷം.സമരം ചെയ്യുന്നവർ മുഴുവൻ തീവ്രവാദികളെന്നു ചിത്രീകരിക്കുന്നത് ശരിയല്ല.അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

കോഴിക്കോട് ആവിക്കല്‍ത്തോട് പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുകയും പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന ആവിക്കല്‍തോട് മാലിന്യ സംസ്കരണ പ്ളാന്‍റിനെതിരെ ഹര്‍ത്താല്‍ നടത്തിയ പ്രദേശവാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ചുമത്തി കേസെടുക്കുകയും ചെയ്തുകൊണ്ട് ജനകീയ സമരങ്ങളെ അടിച്ചൊതുക്കാന്‍ പോലീസ് നടത്തുന്ന ശ്രമങ്ങള്‍ മൂലം ജനങ്ങളില്‍ ളളവായിട്ടുള്ള ആശങ്ക സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് എം.കെ മുനീര്‍ അടിയന്ത്രപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.മാലിന്യ സംസ്കരണത്തിന് കേന്ദ്രീകൃത പ്ളാന്‍റുകള്‍ അനിവാര്യമെന്ന് തദ്ദേശഭരണമന്ത്രി എംവി ഗോവിന്ദന്‍ മറുപടി നല്‍കി.

ജനജീവിതത്തിനോ പരിസ്ഥിതിക്കോ പദ്ധതി ആഘാതം ഉണ്ടാക്കില്ലെന്നും മന്ത്രി പറഞ്ഞു.മാർച്ചിന് മുൻപ് നടപ്പാക്കിയില്ലെങ്കിൽ തുക ലാപ്സാകും.ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആവിക്കൽ മോഡൽ പ്ലാന്‍റ് സംസ്ഥാനത് പലയിടത്തും സ്ഥാപിച്ചു വരുന്നു.മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സമാന പ്ലാന്‍റ് തുടങ്ങി[: അവിടെ ഒരു മാലിനികരണവും ഇല്ല.ജനങ്ങൾ പ്ലാന്‍റ് കാണാൻ വരുന്ന സ്ഥിതി ആണ്.സർവ്വകക്ഷി യോഗം ചേർന്നാണ് ആവിക്കലിൽ പ്ലാന്‍റ് തുടങ്ങാൻ തീരുമാനം എടുത്തത്.ജനങ്ങളുടെ ആശങ്ക പരിഗണിക്കും.എല്ലാ വിഭാഗം ആളുകളുടേയും പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി.

മാലിന്യ സംസ്കരണം നടക്കണമെന്ന കാര്യത്തിൽ ജനങ്ങളിൽ എതിരഭിപ്രായം ഇല്ലെന്ന് പ്രമേയം കൊണ്ടുവന്ന എം കെ മുനീര്‍ പറഞ്ഞു.പക്ഷെ ആവിക്കൽ തോടിൽ തന്നെ നടപ്പാക്കണമെന്ന പിടിവാശി എന്തിനാണ്.ജനങ്ങൾ തിങ്ങി കഴിയുന്ന പ്രദേശമാണ്. പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് പറയുന്നു. സമരക്കാരെ തീവ്രവാദികൾ എന്നു പറയുന്നത് എന്ത് അർത്ഥത്തിലാണ് ? കേരളം തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്നു പറയാൻ മുഖ്യമന്ത്രിക്കു ലജ്ജയില്ലേ?ജനങ്ങളുടെ നെഞ്ചത്തു കയറി പ്ലാന്റ് കൊണ്ട് വരാൻ കഴിയില്ല.

അതേസമയം അത്യാവശ്യമായി നടപ്പാക്കേണ്ട പദ്ധതിയാണിതെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു , കോർപറേഷൻ സ്ഥലത്താണ് പ്ലാന്റ് വരാനിരിക്കുന്നത്. അനാവശ്യ വിവാദം ഉണ്ടാക്കുന്നു , പ്രതിഷേധങ്ങൾക്ക് പിന്നിൽ എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും അടക്കമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ തന്നെ ആണ് സമരത്തിന് പിന്നിൽ , തീവ്രവാദ വിഭാഗങ്ങൾ തന്നെയെന്ന് മന്ത്രിയും പറഞ്ഞു.മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.

ജന സാന്ദ്രത ഉള്ള ആവിക്കലിൽ തന്നെ പ്ലാന്റ് കൊണ്ട് വരാൻ സർക്കാർ എന്തിനു നിർബന്ധം പിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു ജനങ്ങളെ അറിയിക്കാതെ രഹസ്യമായാണ് നീക്കം. Sdpi എന്ന് പറഞ്ഞു ആരോപിക്കേണ്ട.വാർഡ് കൗൺസിലർ പോലും അറിയാതെ പദ്ധതി കൊണ്ട് വരുന്നു.രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്ന പോലീസുകാർ.സമരം ചെയ്യുന്നവർ മുഴുവൻ തീവ്രവാദികളെന്നു ചിത്രീകരിക്കുന്നത് ശരിയല്ല.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

മാലിന്യപ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ ആവിക്കലില്‍ സംഘര്‍ഷം: കണ്ണീര്‍വാതകം, ലാത്തിച്ചാര്‍ജ്