കൊലപാതകത്തിൽ കോൺഗ്രസിന് സിപിഎമ്മിന്റെ ക്ലാസ് വേണ്ട, ഗവർണർക്ക് സ്ഥിരതയില്ലെന്നും കെ മുരളീധരൻ

By Web TeamFirst Published Jan 11, 2022, 4:11 PM IST
Highlights

കെ സുധാകരനെ ആക്രമിക്കാൻ വന്നാൽ സിപിഎമ്മിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് കെ മുരളീധരൻ പറഞ്ഞു. പക്ഷെ സിപിഎം കൊലപാതകത്തിൽ കോൺഗ്രസിന് ക്ലാസെടുക്കാൻ വരേണ്ട

തിരുവനന്തപുരം: ധീരജ് കൊലപാതകത്തിന് കാരണം ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് കെ മുരളീധരൻ എംപി. കൊലപാതകം പൊലീസിന് തടയാമായിരുന്നു. കൊലപാതകത്തെ കോൺഗ്രസ് പിന്തുണക്കില്ല. കൊലപാതകം പാർട്ടി നയമല്ലെന്നും കൊലപാതകികൾ പാർട്ടിയിലുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരനെ ആക്രമിക്കാൻ വന്നാൽ സിപിഎമ്മിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് കെ മുരളീധരൻ പറഞ്ഞു. പക്ഷെ സിപിഎം കൊലപാതകത്തിൽ കോൺഗ്രസിന് ക്ലാസെടുക്കാൻ വരേണ്ട. പൊലീസിന്റെ വീഴ്ച്ച മുഖ്യമന്ത്രി അംഗീകരിക്കണം. അഭിമന്യുവിനെ കൊന്ന എസ്‌ഡിപിഐയുടെ ഓഫീസ് സിപിഎം തകർക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

മുഷ്ക് കൊണ്ട് കെ റയിൽ നടത്താമെന്ന് കരുതേണ്ട. ഈ പദ്ധതിക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂട്ടുകെട്ടാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾക്ക് കൊവിഡ് മാനദണ്ഡം ബാധകമല്ലാത്തത് എന്തുകൊണ്ടാണ്? പ്രാദേശീക പാർട്ടികളെ സഹായിച്ച് മോദിക്ക് ആളെ ഉണ്ടാക്കി കൊടുക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൂർവാശ്രമത്തിൽ തന്നെ സ്ഥിരതയില്ലാത്ത ആളാണ് ഗവർണർ. പല പാർട്ടികൾ മാറി മാറി വന്നാണ് ഇപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്തെത്തിയത്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് അദ്ദേഹം പ്രതിപക്ഷ നേതാവിനെ വിമർശിക്കുന്നതിൽ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

click me!