
കണ്ണൂര്‍: 'എ ബഡിംഗ് കമ്പ്യൂട്ടര്‍ എഞ്ചിനീയർ'. ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ധീരജ് (Dheeraj Murder) തന്നെക്കുറിച്ച് എഴുതിവച്ചതാണിത് ഇങ്ങനെ. കമ്പ്യൂട്ടര്‍ എഞ്ചിനീയറാകാൻ കൊതിച്ച ധീരജിനെയും അവന്‍റെ സ്വപ്നങ്ങളെയും ക്രിമിനലുകള്‍ ഇന്നലെ കത്തിമുനയിൽ പൊലിച്ചുകളഞ്ഞു. ക്യാമ്പസിലെ പാട്ടുകാരനായിരുന്ന ധീരജിന്‍റെ വീഡിയോകള്‍ ഇനി വേദന തരുന്ന ഓര്‍മ്മ മാത്രം.
ക്രിസ്‍തുമസ് അവധികഴിഞ്ഞ് തിങ്കളാഴ്ച്ചയായിരുന്നു ധീരജ് വീട്ടില്‍ നിന്ന് ക്യാമ്പസിലേക്ക് മടങ്ങിയത്. സന്തോഷത്തോടെ മടങ്ങിയ ധീരജിനെ അവസാനമായി ഒന്നുകൂടെ കാണാന്‍ കണ്ണൂര്‍ തളിപ്പറമ്പ് പട്ടപ്പാറയിലെ വീട്ടിൽ കരഞ്ഞ് കരഞ്ഞ് കാത്തിരിക്കുന്ന അമ്മയുണ്ട്. പിറന്നുവീണ അന്നുമുതലുള്ള അവന്‍റെ ഓർമ്മകളുടെ ഭാരം പേറി അച്ഛനുണ്ട്. കൂടെപ്പിറപ്പ് പോയതിന്‍റെ പകപ്പിൽ അനുജൻ അദ്വൈദും. അവർക്ക് എന്നെക്കൂടെ കൊല്ലാമായിരുന്നില്ലേ എന്ന പുഷ്കലയുടെ നിലവിളിയിൽ ബന്ധുക്കൾ ആശ്വസിപ്പിക്കാനാകാതെ നിസ്സഹായരായി പോകുകയാണ്.
മകന്‍റെ വിയോഗ വാർത്തയിൽ കരഞ്ഞ് തളർന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ നിസ്സഹായരാവുകയാണ്. കൊല്ലപ്പെടുന്നതിന്‍റെ തലേന്നും ധീരജ് ഫോൺ ചെയ്തിരുന്നു. നഴ്സായി ജോലിചെയ്യുന്ന പുഷ്കലയും എൽഐസി ഏജന്‍റായ രാജേന്ദ്രനും ജീവിത സമ്പാദ്യം സ്വരുക്കൂട്ടിയാണ് അഞ്ച് സെന്‍റ് സ്ഥലം വാങ്ങി വീടുവച്ചത്. മകൻ പഠിച്ച് തങ്ങൾക്ക് അഭിമാനമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് മുന്നിലേക്ക് ഇനിയെത്തുക ചേതനയറ്റ ദേഹമാണ്. ഈ ദിവസത്തിന്‍റെ കനലോർമ്മയിലാണ് അവന്‍റെ പ്രിയപ്പെട്ടവരുടെ ഇനിയുള്ള ജീവിതം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam