Latest Videos

ധീരജിന്റെ കൊലപാതകം: കോൺഗ്രസ് ഓഫീസുകളും കൊടിമരങ്ങളും തകർത്തു; സംഘർഷം തുടരുന്നു

By Web TeamFirst Published Jan 11, 2022, 3:52 PM IST
Highlights

ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് ബൈക്കിലെത്തിയ സംഘം അടിച്ചു തകർത്തു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു

തിരുവനന്തപുരം: ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നും സംഘർഷം. പത്തനംതിട്ട തിരുവല്ലയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. ഓഫീസിന്റെ ജനൽചില്ലുകളും മറ്റും തകർത്തു. പ്രതിഷേധ പ്രകടനത്തിന്റെ ഇടയിലാണ് അക്രമം നടന്നത്.

ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് ബൈക്കിലെത്തിയ സംഘം അടിച്ചു തകർത്തു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്നലെ നടന്ന വിദ്യാർത്ഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ ഇന്ന് ചേർന്ന കോളേജ് കൗൺസിൽ യോഗം തീരുമാനിച്ചു. പരാതികളിൽ അന്വേഷണം നടത്താൻ ഡോ എൽപി രമ കൺവീനറും ഡോ അബ്ദുൽ ലത്തീഫ്, വിശ്വമ്മ പിഎസ് എന്നിവർ അംഗങ്ങളുമായി കമ്മീഷനെ നിയമിച്ചു.

അടൂർ എഞ്ചിനിയറിങ്ങ് കോളെജിലെ കെഎസ് യു കൊടിമരം പ്രകടനമായെത്തിയ എസ്‌എഫ്‌ഐ പ്രവർത്തകർ തകർത്തു. വടകര എംയുഎം സ്കൂളിലേക്ക് മാർച്ച് നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് ലാത്തി വീശി. പഠിപ്പ് മുടക്ക് സമരം അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. മഹാരാജാസ് കോളേജ് ഹോസ്റ്റലിലേക്ക് കെഎസ്‌യു മാർച്ച് നടത്തി. തങ്ങളുടെ പ്രവർത്തകരെ മർദ്ദിച്ച എസ്എഫ്ഐക്കാർ ഹോസ്റ്റലിലുണ്ടെന്ന് പറഞ്ഞായിരുന്നു മാർച്ച്. എന്നാൽ മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
 

click me!