Asianet News MalayalamAsianet News Malayalam

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം: പ്രതികളെ തൊടാതെ പൊലീസ്

സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും കേസിലുൾപ്പെട്ട പ്രധാന പ്രതികളിൽ ഒരാളെ പോലും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ള ഇടങ്ങളിൽ പരിശോധന നടത്താൻ പോലും പൊലീസ് തയ്യാറായിട്ടുമില്ല. 

university collage clash police will issue lookout notice
Author
Trivandrum, First Published Jul 14, 2019, 12:26 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിൽ അഖിലിന് കുത്തേറ്റ് രണ്ട് ദിവസത്തിന് ശേഷവും പ്രതികള പിടികൂടാൻ തയ്യാറാകാതെ പൊലീസ്. എസ്എഫ്ഐ പ്രവര്‍ത്തകനും യൂണിറ്റ് കമ്മിറ്റി അംഗവുമായ ഇജാസ് മാത്രമാണ് ഇത് വരെ പിടിയിലായത്.  യൂണിറ്റ് പ്രസിഡന്‍റ്  ശിവരഞ്ജിത്ത് ആണ് കുത്തിയത് എന്നതടക്കം വ്യക്തമായ മൊഴി ഉണ്ടായിട്ടും പ്രധാന പ്രതികളെ ആരെയും പിടികൂടാനോ ചോദ്യം ചെയ്യാനോ പൊലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. 

കോളേജിന് പുറത്ത് നിന്നുള്ളവരും സംഘത്തിലുണ്ടെന്ന് അഖിലും അഖിലിന്‍റെ അച്ഛനും അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികൾ അടക്കമുള്ളവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടത്തിയിരുന്നു. എന്നാൽ പ്രതികൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ആരോപിക്കപ്പെടുന്ന പാര്‍ട്ടി ഓഫീസുകളിൽ അടക്കം പരിശോധന നടത്താൻ പൊലീസ് നടപടികളൊന്നും ഇതുവരെ തയ്യാറായിട്ടില്ല. 

കേസിൽ ഏഴ് പ്രതികൾക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് ഇറക്കാനാണ് നിലവിൽ പൊലീസ് നീക്കം. അന്വേഷണ ഉദ്യോഗസ്ഥനായ കൺഡോൺമെന്‍റ് സിഐ  സിറ്റി പൊലീസ് കമ്മീഷണറുടെ അനുമതി തേടിയിട്ടുണ്ട്. അതേസമയം അന്വേഷണ സംഘത്തിന് ഇന്നും അഖിലിന്‍റെ മൊഴി രേഖപ്പെടുത്താനായില്ല. അന്വേഷണ സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും മൊഴിയെടുക്കാൻ കഴിയാതെ മടങ്ങുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമേ മൊഴിയെടുക്കാവൂ എന്ന് ഡോക്ടർമാർ അറിയിച്ചെന്ന് കൺഡോൺമെന്‍റ് സിഐ അനിൽകുമാർ പറഞ്ഞു. 

അതേസമയം കൊല്ലണം എന്ന് ഉദ്ദേശിച്ച് തന്നെയാണ്  അഖിലിനെ കുത്തിയതെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നേ തീരു എന്നും അഖിലിന്‍റെ അച്ഛൻ പ്രതികരിച്ചു.

Read also:കുത്തിയത് ശിവരഞ്ജിത്, അക്രമികളിൽ പുറത്തു നിന്നുള്ളവരും, ഇന്ന് അഖിലിന്‍റെ മൊഴിയെടുക്കും 

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിൽ പ്രധാന പ്രതികളായ ശിവരഞ്ജിത്തും നിസാമും ഉൾപ്പെട്ട പിഎസ്‍സി റാങ്ക് ലിസ്റ്റും വിവാദത്തിലായി. പൊലീസ് റാങ്ക് ലിസ്റ്റിൽ ഇവര്‍ ഉൾപ്പെട്ടതിനെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Read also:പ്രതികളായ എസ്എഫ്ഐക്കാർ പിഎസ്‍സി റാങ്ക് ലിസ്റ്റിൽ വന്നതെങ്ങനെ? അന്വേഷിക്കാൻ പൊലീസ് 

യൂണിവേഴ്സിറ്റി കോളേജിൽ നടന്ന അക്രമത്തിൽ എസ്എഫ്ഐയെ തിരുത്താൻ തയ്യാറാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. 

Read also:യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം: എസ്എഫ്ഐയെ തിരുത്തുമെന്ന് തോമസ് ഐസക്

Follow Us:
Download App:
  • android
  • ios