
കണ്ണൂര്‍: പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ തിരിച്ചെത്തിക്കാനുള്ള നീക്കം സജീവമാക്കി പാര്‍ട്ടി. കുഞ്ഞികൃഷ്ണൻ പാര്‍ട്ടിയുമായി സഹകരിച്ച് തുടങ്ങിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ വ്യക്തമാക്കി. ഫണ്ട് തിരിമറി ചോദ്യം ചെയ്തതിന് നടപടി നേരിട്ട കുഞ്ഞികൃഷ്ണൻ കഴിഞ്ഞ സെപ്തംബറിലാണ് സജീവ രാഷ്ട്രീയം വിട്ടത്.
പയ്യന്നൂരിലെ പ്രാദേശിക സിപിഎം നേതാക്കൾ കുഞ്ഞികൃഷ്ണൻ്റെ വീട്ടിലെത്തി ഇതിനോടകം ചര്‍ച്ച നടത്തിയിരുന്നു. നേതാക്കൾ കുഞ്ഞികൃഷ്ണനുമായി ചർച്ച നടത്തുന്നതിൽ അസ്വാഭാവികതയില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഇന്നു പറഞ്ഞു. വി.കുഞ്ഞികൃഷ്ണൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ബോധ്യം പാർട്ടിക്കുണ്ട്. ഏരിയ സെക്രട്ടറി സ്ഥാനം ഉൾപെടെ ഏത് സ്ഥാനത്തും ആളുകൾക്ക് മടങ്ങിയെത്താം. ഫണ്ട് തിരിമറിയെന്നത് അടഞ്ഞ അധ്യായമാണെന്നും എം വി ജയരാജൻ വ്യക്തമാക്കി.
എംഎൽഎ ടിഐ മധുസൂധനൻ നടത്തിയ രണ്ട് കോടി ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതോടെ കുഞ്ഞികൃഷ്ണൻ പാര്‍ട്ടിക്ക് അനഭിമതനായത്. ഏരിയ സെക്രട്ടറി സ്ഥാനം തിരികെ നൽകാമെന്ന് അറിയിച്ചെങ്കിലും, എന്തിന് നടപടി എടുത്തു എന്ന് വിശദീകരിക്കാതെ പാർട്ടിയിലേക്ക് മടക്കമില്ലെന്ന ഉറച്ച നിലപാടിലാണ് കുഞ്ഞികൃഷ്ണൻ. എംഎൽഎയ്ക്കെതിരെ പാർട്ടിക്ക് നൽകിയ ബാങ്ക് രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ കുഞ്ഞികൃഷ്ണൻ പുറത്ത് വിടുമോ എന്ന ആശങ്കയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമുള്ള അനുരഞ്ജന നീക്കം.
സിപിഎം പയ്യന്നൂർ ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി ഫണ്ട്, പാർട്ടി നടത്തിയ ചിട്ടി എന്നിവയിൽ നിന്നായി രണ്ടുകോടിയിലേറെ രൂപ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനനും പാർട്ടി ഭാരവാഹികളും ചേർന്ന് തട്ടിയെടുത്തു. ഇത് തെളിയിക്കുന്ന ബാങ്ക് രേഖകൾ സഹിതമാണ് അന്നത്തെ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. പരാതി പരിശോധിച്ച പാർട്ടി ടിഐ മധുസൂധനനെ ജില്ല കമ്മറ്റിയിലേക്ക് തരംതാഴ്തിയതിനൊപ്പം പരാതി നൽകിയ വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. തട്ടിപ്പ് പുറത്തുകൊണ്ടുവന്ന തനിക്കെതിരെ എന്തിന് നടപടി എടുത്തു എന്ന ചോദ്യം ഉയർത്തി കഴിഞ്ഞ അഞ്ചുമാസമായി പാർട്ടിയിൽ നിന്ന് വിട്ട് നിൽക്കുകയാണ് വി കുഞ്ഞികൃഷ്ണൻ.
ഇതിനിടെ എംവി ജയരാജനും പിജയരാജനുമൊക്കെ ചർച്ച നടത്തിയെങ്കിലും അയഞ്ഞില്ല. പയ്യന്നൂരിൽ പാർട്ടി അംഗങ്ങൾക്കിടയിലും അനുഭാവികൾക്കിടയിലും നേതൃത്വത്തിനെതിരെ വലിയ എതിർപ്പ് നിലനിക്കുന്നതിനാൽ പുതിയ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മുൻകയ്യെടുത്താണ് നിലവിലെ ചർച്ച. നിലവിലെ ഏരിയ സെക്രട്ടറി ടിവി രാജേഷ്, ജല്ലാ കമ്മറ്റി അംഗങ്ങളായ സി കൃഷ്ണൻ, വി നാരായണൻ എന്നിവർ കഴിഞ്ഞ ദിവസം കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി ഏരിയ സെക്രട്ടറി സ്ഥാനം തിരികെ നൽകാമെന്നറിയിച്ചു. എന്നാൽ തട്ടിപ്പ് നടത്തിയ എംഎൽഎ ടിഐ മധുസൂധനനെതിരെ കടുത്ത നടപടി വരാതെ പിന്നോട്ടില്ല എന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണൻ. ഫണ്ട് തട്ടിപ്പുനമായി ബന്ധപ്പെട്ട് പാർട്ടിക്ക് നൽകിയ തെളിവുകൾ കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളിലൂടെ പുറത്തു വിടുമോ എന്ന ആശങ്കയിലാണ് ഇപ്പോഴത്തെ അനുനയ നീക്കമെന്നറിയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam