ലക്ഷദ്വീപ് വിഷയത്തിൽ സിപിഎം സമരത്തിലേക്ക്; എംപിമാരുടെ സംഘത്തെ ദ്വീപിലേക്ക് അയക്കും

By Web TeamFirst Published May 28, 2021, 5:25 PM IST
Highlights

കോവിഡ്‌ -19 പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട്‌ മെയ്‌ 31 ന്‌ ബേപ്പൂരിലേയും കൊച്ചിയിലെയും ലക്ഷദ്വീപ്‌ ഓഫീസുകള്‍ക്ക്‌ മുന്നില്‍ പാര്‍ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും

തിരുവനന്തപുരം: ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു. കോവിഡ്‌ -19 പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട്‌ മെയ്‌ 31 ന്‌ ബേപ്പൂരിലേയും കൊച്ചിയിലെയും ലക്ഷദ്വീപ്‌ ഓഫീസുകള്‍ക്ക്‌ മുന്നില്‍ പാര്‍ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.

എംപിമാരുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക്‌ അയക്കാനും സെക്രട്ടേറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. പാര്‍ടി കേന്ദ്രകമ്മിറ്റിയംഗവും എംപിയുമായ എളമരം കരീം, ആലപ്പുഴ എംപി എഎം ആരിഫ്, രാജ്യസഭാംഗം വി ശിവദാസൻ എന്നിവർ നേരിട്ട് ലക്ഷദ്വീപിലെത്തി തദ്ദേശവാസികളിൽ നിന്നും മറ്റും വിശദാംശങ്ങൾ ചോദിച്ചറിയുമെന്ന് സെക്രട്ടേറിയേറ്റ് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പറയുന്നു.

നിവേദനം നൽകി ഇടി മുഹമ്മദ് ബഷീർ

ലക്ഷദ്വീപിൽ നടപ്പിലാക്കാനൊരുങ്ങുന്ന മുഴുവൻ പരിഷ്കാരങ്ങളും പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ്‌ ബഷീർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ദ്വീപിനെ വാണിജ്യ കേന്ദ്രമാക്കാൻ ശ്രമിക്കുകയാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടി ദ്വീപ് ജനതയുടെ സ്വന്തന്ത്ര്യം ഇല്ലാതാകുകയാണ്. മംഗലാപുരത്തേക്ക് ചരക്കുനീക്കം മാറ്റുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം കൈമാറി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!