
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം യുഡിഎഫ് ഏകോപന സമിതിയുടെ ആദ്യയോഗത്തിൽ സ്വയം വിമർശനം നടത്തി അംഗങ്ങൾ. പിണറായി സർക്കാർ അനുകൂല തരംഗം മുൻകൂട്ടി കാണാനായില്ലെന്ന് യുഡിഎഫ് യോഗത്തിൽ വിമർശനം ഉയർന്നു. ഐശ്വര്യ കേരള യാത്രയിലെ ആൾക്കൂട്ടം കണ്ട് തെറ്റിദ്ധരിച്ചു. ഘടകകക്ഷികളായിരുന്ന കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും ജനതാദളും പോയത് മുന്നണിക്ക് ക്ഷീണമായെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
യുഡിഎഫിനുണ്ടായ തോൽവി വിശദമായി പഠിക്കണമെന്ന് മുസ്ലിം ലീഗ് യോഗത്തിൽ അഭിപ്രായപ്പെട്ടു. ചെറു പാർട്ടികൾക്ക് സീറ്റ് നൽകാതെ കോൺഗ്രസ് അപമാനിച്ചെന്ന് സിഎംപിയും ഫോർവേഡ് ബ്ളാക്കും അഭിപ്രായപ്പെട്ടു. സിപിഎം ചെറുകക്ഷികളെ അടക്കം ജയിപ്പിച്ച് മന്ത്രിയാക്കിയത് കാണണമെന്നും സി.പി. ജോണും ജി ദേവരാജനും യോഗത്തിൽ അഭിപ്രായപ്പെട്ടു. യുഡിഎഫ് ചെയർമാനെ കോൺഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചുവെന്നും ഘടക കക്ഷികൾക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും ഭാരതീയ നാഷണൽ ജനതാദൾ യോഗത്തിൽ വിമശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം യുഡിഎഫ് ഏകോപന സമിതിയുടെ ആദ്യയോഗത്തിൽ നിന്നും മുല്ലപ്പള്ളി രാമചന്ദ്രനും ഷിബു ബേബി ജോണും വിട്ടുനിന്നു. കെപിസിസി പ്രസിഡന്‍റ് എന്ന നിലയിലാണ് മുല്ലപ്പള്ളി യോഗത്തിൽ പങ്കെടുക്കേണ്ടത്. എന്നാൽ സ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്ന് മുല്ലപ്പള്ളി കോൺഗ്രസ് ഹൈക്കമാന്റിന് കത്ത് നൽകിയിരുന്നു. അതുകൊണ്ട് തന്നെ സ്ഥാനത്ത് തുടരുന്നത് തികച്ചും സാങ്കേതികമായാണെന്ന നിലപാടിലായിരുന്നു മുല്ലപ്പള്ളി. നേരത്തെ നൽകിയ നിർദ്ദേശങ്ങൾ പലതും നടപ്പാക്കിയില്ലെന്ന ആക്ഷേപം ഉന്നയിച്ചാണ് ഷിബു ബേബി ജോൺ യോഗത്തിൽ നിന്നും വിട്ട് നിന്നത്. പരസ്യ പ്രതികരണത്തിനില്ലെന്ന് ഷിബു വ്യക്തമാക്കി. യോഗത്തിൽ പങ്കെടുത്തെങ്കിലും രമേശ് ചെന്നിത്തല ഒന്നും പറഞ്ഞില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam