Latest Videos

ബ്രാഞ്ച് സെക്രട്ടറിസ്ഥാനത്ത് നിന്നും മധു കേസ് പ്രതിയെ മാറ്റാൻ സിപിഎം നേതൃത്വത്തിൻ്റെ നിർദേശം

By Asianet MalayalamFirst Published Sep 22, 2021, 5:01 PM IST
Highlights

 മധുകേസ് പ്രതി ഷംസുദ്ദീനെ കഴിഞ്ഞ ദിവസം അട്ടപ്പാടി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി സിപിഎം സമ്മേളനത്തിൽ തെരഞ്ഞെടുത്തത്. ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കരുതെന്ന് സിപിഎം ഏരിയാ നേതൃത്വം നേരത്തെ നിർദേശിച്ചിരുന്നു

പാലക്കാട്: ആദിവാസി യുവാവ് മധുവിനെ (tribal men madhu) ആൾക്കൂട്ട വിചാരണ നടത്തുകയും മർദ്ദിച്ചു കൊല്ലുകയും ചെയ്ത കേസിലെ പ്രതി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത സംഭവത്തിൽ തിരുത്തൽ നടപടിയുമായി പാർട്ടി. മധുകേസിൽ (madhu)  പ്രതിയായ ഷംസുദ്ദീനെ മുക്കാലി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാൻ സിപിഎം (CPIM) ഏരിയ കമ്മിറ്റി നിർദേശിച്ചു. സിപിഎം അട്ടപ്പാടി ഏരിയ കമ്മിറ്റി സെക്രട്ടറി നേരിട്ടാണ് ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാൻ പ്രാദേശിക നേതൃത്വത്തിന് നിർദേശം നൽകിയത്. ഷംസുദ്ദീനെ മാറ്റി പകരക്കാരനെ നിയമിക്കാനായി മുക്കാലി ബ്രാഞ്ച് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. 

 മധുകേസ് പ്രതി ഷംസുദ്ദീനെ കഴിഞ്ഞ ദിവസം അട്ടപ്പാടി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി സിപിഎം സമ്മേളനത്തിൽ തെരഞ്ഞെടുത്തത്. ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കരുതെന്ന് സിപിഎം ഏരിയാ നേതൃത്വം നേരത്തെ നിർദേശിച്ചിരുന്നു. ഈ നിർദേശം മറികടന്നാണ് പ്രാദേശിക നേതൃത്വം ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കിയത്. 

2018 ഫെബ്രുവരി 22-നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിൻ്റെ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച്  കെട്ടിയിട്ട് മധുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. മധുവിനെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണുയർന്നത്. 

ലോകത്തിന് മുൻപിൽ കേരളം തല താഴ്ത്തി നിന്നനാളുകളായിരുന്നു അത്. പ്രതികളായ പതിനാറു പേരെയും പൊലീസ് അറസ്റ്റു ചെയ്തു.  2018 മെയ് മാസം പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ വൈകുകയാണ്. പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിലാണ്.  കുറ്റപത്രം വായിച്ചു കേൾപ്പിയ്ക്കുന്നതുൾപ്പടെയുള്ള നടപടികൾ  ആരംഭിച്ചിട്ടില്ല. 

കേസ് പരിഗണിയ്ക്കുന്ന മണ്ണാർക്കാട് SC - ST സ്പെഷ്യൽ കോടതിയിൽ ഏറെക്കാലം സ്ഥിരം ജഡ്ജി ഇല്ലാതിരുന്നതും നടപടികൾ വൈകുന്നതിന് കാരണമായി.  കേസിൽ ആദ്യം നിയമിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനം സർക്കാർ മരവിപ്പിച്ചിരുന്നു. പിന്നീട് കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം മറ്റൊരാളെ നിയമിച്ചിരുന്നു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!