
തിരുവനന്തപുരം: പാർട്ടിയുടെ നയങ്ങളേയും സർക്കാരിൻ്റെ കെടുകാര്യസ്ഥതയേയും ചോദ്യം ചെയ്ത് സിപിഎം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾ. നേതാക്കളുടെ ചൈനീസ് ആഭിമുഖ്യം മുതൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിവിധ വിഷയങ്ങളിൽ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ അതിരൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത സംസാരിച്ച പാറശ്ശാല ഏരിയ കമ്മിറ്റിയിലെ അംഗങ്ങളാണ് നേതൃത്വത്തിൻ്റെ ചൈനീസ് പ്രേമത്തെ വിമർശിച്ചത്. ഇന്നത്ത സാമ്പത്തിക നയങ്ങൾ നോക്കുമ്പോൾ എങ്ങനെ ചൈന കമ്യൂണിസ്റ്റ് രാജ്യം എന്ന് പറയുമെന്ന് പ്രതിനിധികൾ ചോദിച്ചു. കാലാവസ്ഥ വ്യതിയാനത്തിൽ വില്ലൻ ചൈനയാണെന്നും തീവ്രവാദ സംഘടനയായ താലിബാനെ അംഗീകരിച്ച രാജ്യമാണ് ചൈനയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെ ചൈന സഹായിക്കുന്നില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഓഫീസിന് നേരേയും പ്രതിനിധികളിൽ ചിലർ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ എകോപനത്തിന് ആരും ഇല്ലെന്ന സ്ഥിതിയാണെന്നും രണ്ടാം പിണറായി സർക്കാർ പോരെന്നും പലരും പറഞ്ഞു. ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസുകളുമായി ബന്ധപ്പെടാൻ പോകുന്നും സാധിക്കുന്നില്ലെന്നും പരാതി ഉയർന്നു.
മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തിൽ പരാജയമാണ്. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാർട്ടി പ്രവർത്തകർക്ക് പരിഗണന കിട്ടുന്നില്ലെന്നും സർക്കാർ ആശുപത്രികളിൽ സേവനം മെച്ചപ്പെടണമെന്നും ആവശ്യം ഉയർന്നു. കെ റെയിൽ പദ്ധതി മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനാണ് എന്ന തരത്തിൽ എതിരാളികൾ പ്രചരണം നടത്തുന്നുണ്ടെന്നും അതിനെ നേരിടണമെന്നും കാട്ടാക്കട ഏരിയ കമ്മിറ്റിയിൽ നിന്നും സംസാരിച്ച പ്രതിനിധികൾ പറഞ്ഞു. വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും നിയമസഭയിൽ അടക്കം വനിതകളെ പാർട്ടി തഴയുകയാണെന്ന് വഞ്ചിയൂർ ഏരിയ കമ്മിറ്റിയിലെ പ്രതിനിധികൾ വിമർശനം ഉയർത്തി.
അതേസമയം കഴിഞ്ഞ ദിവസം പ്രതിനിധികളോട് സംസാരിച്ച മുഖ്യമന്ത്രി കഴിഞ്ഞ കാലങ്ങളിൽ തിരുവനന്തപുരം പാർട്ടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ചും പരാമർശിച്ചിരുന്നു. എങ്ങനെയും പണമുണ്ടാക്കണമെന്ന ധാരണയാണ് ചില സഖാക്കൾക്കെന്നും എസ്.സി - എസ്.ടി ഫണ്ട് പാവങ്ങളുടേതാണ്. എന്നാൽ അതു തട്ടിയെടുക്കാൻ ചിലർ ശ്രമിച്ചത് ഈ ധാരണയുടെ ഭാഗമായിട്ടാണെന്നും പുതിയ സഖാക്കളിൽ ചിലരിലും ഈ പ്രവണത കാണുന്നുണ്ടെന്നും ഇതൊന്നും വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam