
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി തുറന്നുപോലും നോക്കാതെ നിവേദനം മടക്കി അപമാനിച്ച കൊച്ചുവേലായുധന് വീട് നിർമിച്ചുനൽകുമെന്ന് സിപിഎം. തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദറാണ് ഇക്കാര്യം അറിയിച്ചത്. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റവും അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോധികനിൽ നിന്ന് നിവേദന മടങ്ങിയ കവർ വാങ്ങിവായിക്കാൻ പോലും മിനക്കെടാതെ മടക്കിയ സുരേഷ് ഗോപിയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ 'നിവേദനം സ്വീകരിക്കലല്ല എംപിയുടെ പണി' എന്ന് പറഞ്ഞ് അവഹേളിതനാക്കിയ കൊച്ചുവേലായുധന്റെ വീട് സിപിഐ എം നിർമ്മിച്ചു നൽകും. പുള്ളിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി പാർട്ടിക്കു വേണ്ടി ഈ ഉറപ്പു നൽകി. കഴിഞ്ഞ ദിവസമാണ് കൊട്ടിഘോഷിച്ച് ചേർപ്പ് പുള്ളിൽ കലുങ്ക് വികസന സംവാദം സംഘടിപ്പിച്ചത്. ഇതിലാണ് പ്രദേശത്തെ താമസക്കാരനായ തായാട്ട് കൊച്ചു വേലായുധൻ ഒരു കവറിൽ നിവേദനവുമായി എത്തിയത്. വയോധികനായ ഈ സാധു മനുഷ്യനിൽ നിന്ന് നിവേദന മടങ്ങിയ കവർ വാങ്ങി വായിക്കാൻ പോലും മിനക്കെടാതെ വീട് നിർമ്മാണ പ്രശ്നം എംപിയുടെ ജോലിയല്ലെന്ന് സുരേഷ് ഗോപി പറയുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോവിൽ ഈ ദൃശ്യം ഉണ്ടായിരുന്നു. ഇത് വലിയ തോതിൽ ചർച്ചയായി. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റവും അടുത്ത ദിവസം തന്നെ ആരംഭിക്കും.
ജനകീയ വിഷയങ്ങളിൽ ഇടപെടാനായാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ 'കലുങ്ക് സൗഹാര്‍ദ വികസന സംവാദം' നടത്തിയത്. തൃശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളിലാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സംവാദം നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംവാദം സംഘടിപ്പിച്ചത്. ഈ സംവാദം നടക്കുമ്പോഴാണ് ഒരു വയോധികന്‍ കവറില്‍ അപേക്ഷയുമായി വന്നത്. കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍, ''ഇതൊന്നും എം.പിക്കല്ല, പോയി പഞ്ചായത്തില്‍ പറയൂ- എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ബിജെപി ഭരിക്കുന്ന പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട് എന്ന് ചോദിക്കുമ്പോൾ അതെ പറ്റുന്നുള്ളു ചേട്ടാ എന്ന് എംപി പറയുന്നതും കേൾക്കാം.
സംവാദം നടക്കുന്ന ആല്‍ത്തറയില്‍ സുരേഷ് ഗോപിയുടെ അടുത്ത് ഇരിക്കുന്ന ആളിന്റെ കൈയിലും ഒരു കവര്‍ ഉണ്ടായിരുന്നു. ഇത് കേട്ടതോടെ ആള്‍ കവര്‍ പിന്നില്‍ ഒളിപ്പിച്ചു. ഇതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചു. കവറില്‍ എന്താണ് എന്ന് നോക്കാമായിരുന്നു എന്നാണ് വ്യാപകമായി അഭിപ്രായം ഉയർന്നത്. പ്രായത്തെ എങ്കിലും മാനിക്കാമായിരുന്നു എന്നും ചിലര്‍ പറഞ്ഞു. പുള്ളിലും ചെമ്മാപ്പിള്ളിയില്‍ നടന്ന സൗഹൃദ സംവാദ സദസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം നടന്‍ ദേവന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട് എന്നിവര്‍ പങ്കെടുത്തിരുന്നു.