
ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെതിരെ സിപിഎം ആലപ്പുഴ ജില്ല നേതൃത്വം. അമ്പലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയിൽ മാറ്റമില്ലെന്നും സുധാകരന്‍റെ നിലപാടിനൊപ്പം പോകുന്ന ഒരാളും ആലപ്പുഴയിലെ പാര്‍ട്ടിയിലില്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. അമ്പലപ്പുഴയിൽ സിറ്റിങ് എംഎൽഎ എച്ച് സലാം തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനയാണ് നാസര്‍ നൽകിയത്. രോഗം എന്താണെന്ന് പാര്‍ട്ടി നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നും സുധാകരൻ അതിനുള്ള വഴിവെട്ടുന്നതാണ് പിന്നീട് കണ്ടതെന്നും ആര്‍ നാസര്‍ പറഞ്ഞു. പുന്നപ്രയിൽ വര്‍ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ലെന്ന എന്ന തരത്തിൽ പോസ്റ്റര്‍ ഒട്ടിക്കുന്നത് പരിശോധിക്കുമെന്നും ആര്‍ നാസര്‍ പറഞ്ഞു. പാർട്ടിക്ക് ഭയമില്ലെന്നും സുധാകരൻ സഖാവിനെ പോലെ ഒരാൾ ഇത്തരം ഒരു നിലപാട് എടുക്കുന്നതാണ് വിഷയമെന്നും ആര്‍ നാസര്‍ പറഞ്ഞു.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന ആളാണ് ജി സുധാകരൻ. അദ്ദേഹത്തിന് ഇങ്ങനെ അപചയം ഉണ്ടാകും എന്ന് കരുതിയില്ല. ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം മത്സരിക്കുന്നതിൽ നിന്ന് പിൻവാങ്ങുമെന്നാണ് കരുതുന്നത്. മത്സരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്പലപ്പുഴയിൽ നിന്ന് തെരഞ്ഞെടുപ്പിനു ശേഷം പരാതി വന്നു. സുധാകരന്‍റെ ഭാഗം കേട്ടു. പരാതി പരിശോധിക്കാൻ കമ്മീഷനെ വെച്ചു. റിപ്പോർട്ടിൽ ചില ശുപാർശകൾ വന്നതിന്‍റെ അടിസ്ഥാനത്തിലാണ് ചില നടപടികളുണ്ടായത്. പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൽ ദീപശിഖ തെളിക്കുന്നത് ജി സുധാകരൻ ആണ്. വിഎസിന് വയ്യാതായശേഷം പാര്‍ട്ടി ദീപശിഖ തെളിയിക്കനായി സുധാകരനെയാണ് തെരഞ്ഞെടുത്തത്. എത്ര പൊതു പരിപാടികളിൽ ജി സുധാകരൻ പങ്കെടുത്തു. ജില്ലാ കമ്മിറ്റിക്ക് കീഴിലെ ഘടകത്തിൽ പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടത് ജി സുധാകരനാണ്. അങ്ങനെയാണ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ ബ്രാഞ്ച് ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ എത്തിനിൽക്കുന്ന ഘട്ടത്തിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ശരിയല്ല.
ജി സുധാകരൻ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് യുഡിഎഫിനെയും ബിജെപിയെയുമാണ് സഹായിക്കുക. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത് ഒട്ടും ശരിയായില്ല. കേവലം ഒരു മുതിര്‍ന്ന നേതാവല്ല ജി സുധാകരൻ. മറ്റാര്‍ക്കും നൽകാത്ത പരിഗണന പാര്‍ട്ടി ജി സുധാകരന് നൽകി. പ്രായപരിധി മാനദണ്ഡപ്രകാരമാണ് മാറിയത്. പാര്‍ട്ടി എല്ലാം നൽകി. ജില്ലാ കമ്മിറ്റിയിൽ അദ്ദേഹമാണ് പങ്കെടുക്കാതെയിരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രത്യേക മുറി ഉള്‍പ്പെടെ നൽകി. പാര്‍ട്ടി ജി സുധാകരനെ അവഗണിച്ചിട്ടില്ലെന്നും ആര്‍ നാസര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam